ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ മണിപ്പൂർ കലാപ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സൂക്ഷ്മമായി കൈകാര്യം ചെയ്തു എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അസം ട്രിബ്യൂണ്‍ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ആദ്യമായി മണിപ്പൂർ വിഷയത്തെ കുറിച്ച് സംസാരിച്ചത്. കലാപം നടക്കുമ്പോൾ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും സമയോജിതമായ ഇടപെടൽ ഉണ്ടായി എന്നും, മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്രത്തിന്റെ സൂക്ഷ്മമായ ഇടപെടൽ ആണെന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
മണിപ്പൂരിലെ സാഹചര്യം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പാർലമെന്റിൽ ദിവസങ്ങളോളം പ്രതിപക്ഷ പ്രതിഷേധങ്ങൾ അരങ്ങേറി. ഇതിന് പിന്നാലെ പ്രമേയവും അവതരിപ്പിച്ചു. ആ സാഹചര്യത്തിൽ മണിപ്പൂരിലെ വിഷയങ്ങളെക്കുറിച്ച് പാർലമെന്റിനകത്ത് മോദി പ്രതികരിച്ചിരുന്നുവെങ്കിലും പൊതുവേദികളിൽ ഈ വിഷയത്തെ കുറിച്ച് മൗനം ആചരിക്കുകയായിരുന്നു. ഇതാദ്യമായാണ് ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ഒരു മാധ്യമങ്ങളോട് പ്രതികരണം നടത്തിയിരിക്കുന്നത്. അസം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ വികസന പദ്ധതികൾ നടപ്പിലാക്കിയതായും പ്രധാനമന്ത്രി പരാമർശിച്ചു. കൂടാതെ കലാപബാധിതർക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതികൾ മണിപ്പൂരിൽ നടത്തി വരികയാണെന്നും, കേന്ദ്ര സർക്കാറിന്റെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് അവിടെ കൃത്യമായി ആവശ്യങ്ങൾ നിറവേറ്റുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.