ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത മാസം ഏഴിനു കന്യാകുമാരിയില്‍
തുടങ്ങും. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും. ഈ സംസ്ഥാനങ്ങളിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾക്കാണ് യാത്രയുടെ ഏകോപന ചുമതല.
കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസമാണ് പദയാത്ര. രാഹുൽഗാന്ധി നേതൃത്വം നൽകുന്ന യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറമാർ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ, ഭാരവാഹികൾ , എംപിമാർ, എംഎൽഎമാർ, പാർട്ടിയിലെ പ്രധാന നേതാക്കൾ തുടങ്ങിയവർ അണിനിരക്കും. രാജസ്ഥാനിലെ ഉദയ് പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്രയ്ക്ക് പദ്ധതിയിട്ടത്. പാർട്ടി പുനരുജ്ജീവനത്തിന് ഭാരതപര്യടനം കൂടിയേ തീരൂവെന്ന് ചിന്തൻ ശിബിരത്തിൽ പൊതു അഭിപ്രായം ഉയർന്നിരുന്നു. രാഹുൽ ഗാന്ധി തന്നെ ജാഥ നയിക്കണണെന്നും തീരുമാനിച്ചു