നെയ്യാറ്റിൻകര: ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന 3,571 കിലോ മീറ്റർ ദൂരത്തിൽ ഏറ്റവും ആവേശഭരിതമായിരിക്കും രാഹുൽ ഗാന്ധിയുടെ കേരള പര്യടനം എന്നുറപ്പാക്കുന്നതാണ് പാറശാല മുതൽ കാണുന്ന ആവേശം. വഴിനീളെ പൂക്കൾ വതറിയും കൈ വിശീയും ഷാളുകൾ പുതപ്പിച്ചും ചന്ദനം തൊടുവിച്ചും പൊന്നാട അണിയിച്ചും പൂക്കൾ സമ്മാനിച്ചും മലയാളി മനസ് രാഹുൽ ഗാന്ധിയെ വീർപ്പുമുട്ടിക്കുന്നു. ഇന്നു മുതൽ 19 ദിവസവും ഇതാവും രാഹുലിനെ കാത്തിരിക്കുന്ന കേരളത്തിലെ ജോഡോ യാത്ര എന്നുറപ്പ്.ആഡംബരത്തിന്റെ ലവലേശമില്ല ഒരിടത്തും. അനാവശ്യ ഫ്ലക്സുകളില്ല, പ്ലാസ്റ്റിക് മാലിന്യങ്ങളില്ല, വഴികളിൽ ഭക്ഷണ പാനീയ പാത്രങ്ങൾ ഉപേക്ഷിക്കുന്നില്ല. പരിപൂർണ ശുചിത്വ ഹരിത യാത്രയെന്ന് കാണികൾ ഏകസ്വരത്തിൽ പറയുന്നു. ആർഭാട ഹോട്ടലുകളിലല്ല രാഹുൽ അടക്കമുള്ള 200ൽപ്പരം സ്ഥിരം യാത്രികർ താമസിക്കുന്നത്. സ്കൂളിലും കോളെജുകളിലും ദേവാലയങ്ങളിലുമൊക്കെയാണ്. വഴിവക്കിൽ ഒരുക്കിയിരിക്കുന്ന കണ്ടെയ്നറുകളിലും ടെന്റുകളിലുമാണ് ഇവരുടെ രാത്രി താമസം. ഭക്ഷണത്തിലും ലാളിത്യം. നാടൻ വെജിറ്റേയൻ ഭക്ഷണമാണ് മിക്കപ്പോഴും. കേരളത്തിന്റെ തനി നാടൻ ഭക്ഷണമാണ് രൂഹുലിനു പ്രാതൽ. പാന്റ്സും ടീ ഷർട്ടുമാണ് രാഹുലിന്റെ വേഷം. മറ്റുള്ളവർ മുണ്ടും ഷർട്ടും, കുർത്തയും പൈജാമയും. എല്ലാം ഖാദിയിൽ തീർത്തവ. ചുരുക്കത്തിൽ ഇന്ത്യയെ തൊട്ടറിഞ്ഞുള്ള യഥാർഥ പദയാത്ര.