പത്തനംതിട്ട ∙ ഇലന്തൂരിൽ രണ്ടു സ്ത്രീകളെ നരബലിക്ക് ഇരയാക്കിയ സംഭവത്തിൽ പ്രതി ഭഗവല്‍ സിങ്ങിന്റെ വീടിനു സമീപത്ത് പൊലീസ് നടത്തുന്ന പരിശോധനയില്‍ എല്ലിന്റെ ഭാഗം കണ്ടെത്തി. വീടിന്റെ കിഴക്കുഭാഗത്തു നിന്നാണ് അസ്ഥിക്കഷണം കണ്ടെത്തിയത്. കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ലഭിച്ചതിന്റെ കിഴക്കുഭാഗത്താണിത്. എല്ല് മനുഷ്യന്റേതല്ലെന്നാണ് പ്രാഥമിക നിഗമനം.നരബലിക്ക് കൂടുതല്‍ ഇരകളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ആദ്യഘട്ടത്തില്‍ പരിശോധന നടത്തിയ സ്ഥലങ്ങള്‍ വീണ്ടും നിരീക്ഷിക്കുന്നുണ്ട്. പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയുടെയും മർഫിയുടെയും സഹായത്തോടെയാണ് പരിശോധന . ഭഗവല്‍ സിങ്ങിന്റെ വീടിനുള്ളില്‍ ഫൊറന്‍സിക് സംഘത്തിന്റെ പരിശോധനയും പുരോഗമിക്കുകയാണ്.വീടിന്റെ പരിസരത്ത് വന്‍ ജനക്കൂട്ടവും അവരെ നിയന്ത്രിക്കാന്‍ കനത്ത പൊലീസ് സന്നാഹവുമുണ്ട്.സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ (50), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരാണ് നരബലിക്ക് ഇരയായത്. കേസിൽ ഭഗവൽ സിങ് (68), ഭാര്യ ലൈല (54), എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി (റഷീദ്– 52) എന്നിവർ അറസ്റ്റിലായി.