മലപ്പുറം:പ്രൈം വോളി ലീഗ് രണ്ടാംപതിപ്പിന് ശനിയാഴ്‌ച തുടക്കമാകുമ്പോൾ കിരീടപ്രതീക്ഷകളുമായി കേരളത്തിൽനിന്ന് കലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും. എട്ട് ടീമുകളാണ് ലീഗിൽ മാറ്റുരയ്‌ക്കുക. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് കളി. മാർച്ച് അഞ്ചിന് കൊച്ചിയിലാണ് ഫൈനൽ.
കഴിഞ്ഞതവണ സെമിയിൽ പുറത്തായ കലിക്കറ്റ് ഹീറോസ് ഇത്തവണ കിരീടം നേടാനുറച്ചാണ് ഒരുങ്ങിയിട്ടുള്ളത്. രാജ്യാന്തരതാരം കിഷോർകുമാറിന്റെ കീഴിൽ ഹീറോസ് ടീം ഒരുമാസമായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ പരിശീലനത്തിലായിരുന്നു.
അമേരിക്കൻ അറ്റാക്കറായ മാറ്റ് ഹീലിങാണ് ടീം നായകൻ. ക്യൂബൻ ബ്ലോക്കറായ ജോസെ സാൻഡോവൽ ടീമിലെ മറ്റൊരു വിദേശ സാന്നിധ്യം. ജോസെക്കൊപ്പം സർവീസസിന്റെ ബ്ലോക്കർ ഷഫീഖ് റഹ്മാനും ലിബറോ പ്രഭാകരനും ചേരുമ്പോൾ കലിക്കറ്റിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാൻ എതിരാളികൾ വിയർക്കും. ഹർഷ് മാലിക്, അർഷക് സിനാൻ എന്നിവരാണ് മറ്റ് ബ്ലോക്കർമാർ.
പരിചയസമ്പന്നായ ഇന്ത്യൻ യൂണിവേഴ്‌സൽ ജെറോം വിനീതിനെ നിലർത്തിയ ഹീറോസ് മികച്ച യുവനിരയ്ക്കും ടീമിൽ ഇടംനൽകി. കെഎസ്‌ഇബിയുടെ അൻസാബാണ് ടീമിലെ മറ്റൊരു യൂണിവേഴ്‌സൽ. ഹീലിങിനുപുറമേ അബിൽ കൃഷ്ണൻ, അശ്വിൻരാജ്, ആസിഫ്മോൻ എന്നിവരാണ് അറ്റാക്കർമാർ. രാജ്യത്തെ എറ്റവും മികച്ച സെറ്റർമാരിലൊരാളായ മോഹൻ ഉക്രപാണ്ഡ്യനൊപ്പം അഷാം അലി, സുശീൽകുമാർ എന്നിവരും ടീമിലുണ്ട്.
മലയാളിതാരങ്ങളുടെ നീണ്ടനിരയുമായാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പ്രൈം വോളിയുടെ രണ്ടാംസീസണിന് തയ്യാറെടുത്തിരിക്കുന്നത്. എറിൻ വർഗീസ്, ജിബിൻ സെബാസ്‌റ്റ്യൻ (ഇരുവരും കേരള പൊലീസ്), ജോർജ് ആന്റണി, എൻ കെ ഫായിസ്, അലൻ ആഷിഖ് (റെയിൽവേസ്), വി ടി അശ്വിൻ രാഗ് (കലിക്കറ്റ് സർവകലാശാല), ബി എസ് അഭിനവ് (കെഎസ്‌ഇബി) എന്നിവരും മുഖ്യപരിശീലകൻ എസ് ടി ഹരിലാലും ടീമിലെ മലയാളി സാന്നിധ്യമാണ്. ഇന്ത്യയുടെ സൂപ്പർ അറ്റാക്കർ രോഹിത്കുമാറിനൊപ്പം പെറു യൂണിവേഴ്‌സൽ എഡ്വേർഡോ റൊമേയും ബ്രസീൽ സെന്റർ ബ്ലോക്കർ വാൾട്ടർ ഡിക്രൂസ് നെറ്റോയും അടങ്ങുന്ന സംഘം ഏത് എതിരാളികളെയും അട്ടിമറിക്കാൻ കരുത്തുള്ളവരാണ്. തൃപ്രയാർ ഇൻഡോർ സ്‌റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം.