മുംബൈ: പ്രതിരോധ പിഴവിൽ വീണ്ടും കേരള ബ്ളാസ്റ്റേഴ്സ് വീണു. മുംബൈ സിറ്റി എഫ് സി യോട് എതിരില്ലാത്ത രണ്ട് ഗോളിനു ബ്ലാസ്റ്റേഴ്സ് തോറ്റു. ആദ്യ പകുതിയിൽ ആക്രമണങ്ങൾ അഴിച്ചു വിട്ട മുംബൈയ്ക്ക് ഇരുപത്തിയൊന്നാം മിനിറ്റിൽ മെഹ്താബാണ് ലീഡ് നല്കിയത്. കോർണറിൽ നിന്ന് ലഭിച്ച അവസരം തകർപ്പൻ ഇടം കാൽ ഷോട്ടിലൂടെ മെഹ്താബ് വലയിലെത്തിക്കുകയായിരുന്നു. പത്ത് മിനിറ്റിന് ശേഷം മുംബെ ലീഡ് വർദ്ധിപ്പിച്ചു. ബ്ളാസ്റ്റേഴ്സ് പ്രതിരോധ നിര താരം ബോൾ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസിന് അനായാസം ബോൾ വലയിലെത്തിക്കുകയായിരുന്നു. ഇടവേളയ്ക്കു ശേഷം മറ്റൊരു ബ്ലാസ്റ്റേഴ്സിനെയാണ് മുംബെ കണ്ടത്. തിരമാല പോലെയുള്ള ആക്രമണത്തിൽ മുംബൈ വിയർത്തു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ ബ്ളാസ്റ്റേഴ്സ് സൃഷ്ടിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. മുംബൈ ഗോളിയുടെ മികച്ച സേവുകൾക്കൊപ്പം ക്രോസ് ബാറും ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന് വിലങ്ങ് തടിയായി.