KeralaNews

പുതിയ വികസന പദ്ധതികൾ ആവിഷ്‌കരിച്ചും നൂതനസാങ്കേതിക വിദ്യകൾ നടപ്പാക്കിയും പൊതുമേഖലയിൽ മാതൃക തീര്‍ക്കുകയാണ് കെഎംഎംഎല്‍.

ചവറ : പുതിയ വികസന പദ്ധതികൾ ആവിഷ്‌കരിച്ചും നൂതനസാങ്കേതിക വിദ്യകൾ നടപ്പാക്കിയും പൊതുമേഖലയിൽ മാതൃക തീര്‍ക്കുകയാണ് കെഎംഎംഎല്‍. കമ്പനിയുടെ തനതു ഫണ്ടില്‍നിന്ന്‌ 120 കോടി രൂപ ചെലവഴിച്ചാണ് നവീകരണ, ആധുനികവല്‍ക്കരണ പ്രവർത്തനങ്ങള്‍ നടത്തിയത്. കരിമണലില്‍നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ ‘ഫ്രോത്ത് ഫ്ലോട്ടേഷന്‍’ നടപ്പാക്കി. എല്‍പിജിക്കു പകരം എല്‍എന്‍ജി ഇന്ധനമാക്കിയത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. തോട്ടപ്പള്ളിയില്‍നിന്ന് കരിമണല്‍ എത്തിച്ചതോടെ അസംസ്‌കൃത വസ്‌തുക്കളുടെ ക്ഷാമം ഇല്ലാതാക്കി. 2021 -22ല്‍ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പ്പാദനത്തിനാവശ്യമായ ബെനിഫിഷ്യേറ്റഡ് ഇല്‍മനൈറ്റ് (സിന്തറ്റിക് റൂട്ടൈല്‍) ഉല്‍പ്പാദനത്തിലും സര്‍വകാല റെക്കോഡാണ് കമ്പനി നേടിയത്.  

മഹാമാരിക്കാലത്തും മുടങ്ങാതെ ഓക്‌സിജൻ 

ഊര്‍ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമായ പുതിയ 70ടണ്‍ ഓക്‌സിജന്‍ പ്ലാന്റ് 2020 ഒക്ടോബറിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്‌തത്. സ്ഥാപനത്തിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണംചെയ്യുന്നു. മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകള്‍ വഴിമാത്രമാണ് ഇതുവരെ ആരോഗ്യമേഖലയ്ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ സിലിണ്ടറുകളില്‍ നേരിട്ട് നിറയ്‌ക്കാനുള്ള ഫില്ലിങ്ങ് സ്റ്റേഷനും സജ്ജമാക്കി. ഇതുവഴി ആശുപത്രികളിലും മറ്റും നേരിട്ട് ഉപയോഗിക്കാനാകും. അടിയന്തിര സാഹചര്യങ്ങളില്‍ 24 മണിക്കൂറും ആവശ്യമായ മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളില്‍ നിറയ്‌ക്കാനാകും. സര്‍ക്കാരില്‍നിന്ന് ലഭ്യമായ 50ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നിർമാണം. കൊറിയന്‍ നിര്‍മിത കംപ്രസര്‍ യൂണിറ്റാണ് ഫില്ലിങ്‌ സ്റ്റേഷന്റെ ഭാഗമായി എത്തിച്ചത്. കമ്പനിയിലെ തന്നെ ഉദ്യോഗസ്ഥരാണ് സ്‌റ്റേഷന്‍ സജ്ജമാക്കിയത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ രാജ്യമാകെ ഓക്സിജന്‍ ക്ഷാമത്താല്‍ വലഞ്ഞപ്പോള്‍ കേരളത്തിലും സമീപ സംസ്ഥാനങ്ങള്‍ക്കും ഓക്സിജന്‍ നല്‍കാന്‍ കെഎംഎംഎല്ലിന് കഴിഞ്ഞു. അതിനായി ദ്രവീകൃത ഓക്സിഡജന്‍ ഉല്‍പ്പാദനം ഏഴു ടണ്ണില്‍നിന്ന് 10 ടണ്ണായി ഉയര്‍ത്തിയിരുന്നു. പുറത്തുനിന്ന് ഓക്‌സിജന്‍ വാങ്ങുന്നത് ഒഴിവായതോടെ വര്‍ഷം 10 കോടിയോളം രൂപ ലാഭിക്കാനായി എന്നതും നേട്ടമാണ്. 

വരുന്നു, പുതിയ കെട്ടിടങ്ങളും നടപ്പാലവും 

രാസമാലിന്യമായ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുത്ത് മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കാനുള്ള സാങ്കേതികവിദ്യ കമ്പനിയുടെ റിസര്‍ച്ച് ഡെവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. വിവിധ ആധുനീകരണ പ്രവര്‍ത്തനത്തിലൂടെ 2019 –– 20ലെ സംസ്ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡ് കരസ്ഥമാക്കാനും കെഎംഎംഎല്ലിന് കഴിഞ്ഞു. പുതിയ വികസന പദ്ധതി എന്ന നിലയിൽ മൂന്നു കെട്ടിടങ്ങളുടെയും നടപ്പാലത്തിന്റെയും കല്ലിടൽ വ്യവസായ മന്ത്രി പി രാജീവ്‌ നിർവഹിച്ചിരുന്നു. പ്ലാന്റ് ടെക്‌നിക്കല്‍ സര്‍വീസ്, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്, എംപ്ലോയീസ് കോ –- -ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയ്‌ക്കാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. കെഎംഎംഎല്ലിന്റെ തുടര്‍വികസനത്തിന്റെ ഭാഗമായാണ് നാലു കോടിരൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്ലാന്റ് ടെക്‌നിക്കല്‍ സര്‍വീസ് കെട്ടിടം നിർമിക്കുക. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ക്രിയാത്മകവും സര്‍ഗാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി രൂപംകൊടുത്ത ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷന്‍ ക്ലബ്ബിനുവേണ്ടി 1.5 കോടിരൂപ ചെലവിലാണ് കെട്ടിടം ഒരുക്കുക. ജീവനക്കാര്‍ക്ക് ന്യായവിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച കോ- –- ഓപ്പറേറ്റീവ് സൊസൈറ്റിക്കായി 2.5കോടി രൂപ ചെലവിലും പുതിയ കെട്ടിടം ഒരുങ്ങും. കമ്പനിയുടെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റുമായി ബന്ധപ്പെട്ട് ഖനന പ്രദേശങ്ങളായ കോവില്‍ത്തോട്ടം, പൊന്മന എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഖനന തൊഴിലാളികളെ  റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കമ്പനിയുടെ നേരിട്ടുള്ള കരാര്‍ ജീവനക്കാരായി നിയമിച്ചതും കമ്പനിയുടെ ടൈറ്റാനിയം പിഗ്മന്റ് യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്‌തുവന്ന ലാപ്പാ തൊഴിലാളികളെ കമ്പനിയുടെ നേരിട്ടുള്ള കരാര്‍ തൊഴിലാളികളായി നിയമിച്ചതും എൽഡിഎഫ്  സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലാണ്. നിലവിൽ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനവും കെഎംഎംഎല്ലാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *