ന്യൂദല്‍ഹി: പാക് അധിനിവേശ കശ്മീരിനെ ഭാരതത്തിന്റെ ഭാഗമാക്കാന്‍ സൈനിക നടപടിയോ പ്രത്യേക പരിശ്രമങ്ങളോ ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭാരതത്തിന്റെ ഭാഗമാകാന്‍ പാക് അധിനിവേശ കശ്മീരിലെ ജനങ്ങളില്‍ നിന്ന് അധികം വൈകാതെ ആവശ്യമുയരും, ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കശ്മീരിലെ വികസനവും പുരോഗതിയും അവര്‍ കാണുന്നുണ്ട്. അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ഉള്ള ജീവിതനിലവാരം അവര്‍ മനസിലാക്കുന്നുണ്ട്. പിഒകെയിലെ ജനങ്ങള്‍ ഭാരതത്തോട് ചേരാന്‍ ആഗ്രഹിക്കുകയാണ്, രാജ്നാഥ്സിങ് പറഞ്ഞു.
അങ്ങനെ വന്നാല്‍ സൈനിക നടപടിയിലൂടെ പിഒകെ വീണ്ടും രാജ്യത്തിന്റെ ഭാഗമാക്കുകയെന്ന ആവശ്യം തന്നെ വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതം എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ജമ്മു കശ്മീരില്‍ എന്തു മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മേഖല എത്ര വലിയ സാമ്പത്തിക പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും കശ്മീരില്‍ സമാധാനം തിരികെ വന്നതും പിഒകെയിലുള്ളവര്‍ തിരിച്ചറിയുന്നുണ്ട്.
ഇതിനകം അവിടെ അതിന്റെ ചലനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഭാരതത്തിന്റെ ഭാഗമായി മാറണമെന്ന ആവശ്യം അവരില്‍ നിന്നു തന്നെ ഉയരും. പിഒകെ എല്ലായ്‌പ്പോഴും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നത് നമ്മുടെ എക്കാലത്തെയും നിലപാടാണെന്ന് രാജ്നാഥ്സിങ് പറഞ്ഞു.