തിരുവനന്തപുരം : 300-ലധികം ചിത്രങ്ങളുമായി പതിനഞ്ചാമത് അന്താരാഷ്‌ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേള വെള്ളിയാഴ്ച ആരംഭിക്കും. മൂന്ന് വിഭാഗങ്ങളിലായി 63 മത്സരചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുക. കാനഡ, ഇറാൻ, പോർച്ചുഗൽ, കൊറിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കൈരളി ശ്രീ നിള തിയേറ്ററുകളിൽ ആഗസ്റ്റ് 4 മുതൽ 9 വരെയാണ് മേള നടക്കുക. രാവിലെ 9 മണി മുതൽ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. പേർഷ്യൻ ഡോക്യുമെന്ററി ‘സെവൻ വിന്റേഴ്‌സ് ഇൻ ടെഹ്റാൻ’ ആണ് ഉദ്ഘാടന ചിത്രം. അനിമേഷൻ, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോർട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റർനാഷണൽ തുടങ്ങി 23 വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുക.
ഓസ്കാർ ജേതാവ് റൂയിച്ചി സകമൊതോയുടെ സംഗീതജീവിതത്തെ പ്രേമേയമാക്കി സ്റ്റീഫൻ നോമുറ ഷിബെൽ സംവിധാനം ചെയ്ത ‘റൂയിച്ചി സകമൊതോ: കോട’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംഗീതത്തെയും സംഗീതജ്ഞരെയും ആദരിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ സൗണ്ട് സ്‌കേപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ജർമൻ സംവിധായകൻ വിം വെന്റെഴ്‌സിന്റെ മാർഗ്ഗനിർദേശത്തിൽ പൂർത്തിയാക്കിയ ഇറാനിയൻ ചിത്രങ്ങൾ, മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ആർ. വി രമണിയെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹനാക്കിയ ‘ഓ ദാറ്റ്സ് ഭാനു’ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങൾ, എം.ടി വാസുദേവൻനായർക്ക് നവതിവന്ദനം നേർന്നു കൊണ്ട് എംടിയുടെ ജീവിതം ആസ്പദമാക്കി നിർമിച്ച ഡോക്യുമെന്ററികൾ തുടങ്ങി നിരവധി ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ബെർലിൻ രാജ്യാന്തര മേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള ഗോൾഡൻ ബെയർ നേടിയ ലെ ഷെനീൽസും കാൻസ് ചലച്ചിത്ര മേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള പാം ഡി ഓർ നേടിയ 27 ഉം ഉൾപ്പെടെ വിവിധ ലോകോത്തര മേളകളിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഹ്രസ്വചിത്ര മേളയിലുണ്ടാകും. ഡോക്യുമെന്ററി സംവിധായിക ദീപ ധൻരാജിനാണ് ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം. ഒമ്പതിന് സമാപന ചടങ്ങിൽ ആഗസ്റ്റ് 9ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.