KeralaNews

നിലയ്‌ക്കാത്ത “മണി’ മുഴക്കം; കലാഭവൻ മണി ഓർമയായിട്ട്‌ ഏഴ്‌ വർഷം.

കൊച്ചി : നാടൻപാട്ടുകളും നർമവുമായി മലയാളികളെ രസിപ്പിച്ച കലാഭവൻ മണി ഓർമയായിട്ട്‌ ഏഴ്‌ വർഷം. മലയാള സിനിമയിൽ കലാഭവൻ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യഭാഷകൾക്കും പ്രിയപ്പെട്ടവനായി. പ്രശസ്‌തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേർത്തുവച്ചിരുന്നു. ദാരിദ്ര്യത്തിന്റെ ദിനങ്ങളിൽനിന്ന്‌ ആരാധകമനസ്സിന്റെ സ്‌നേഹ സമ്പന്നതയിലേക്കാണ്‌ മണിയെന്ന അതുല്യ പ്രതിഭ നടന്നുകയറിയത്‌.

തെലുഗ്‌, കന്നട, തമിഴ്, മലയാളം ഭാഷകളിലായി ഇരുനൂറോളം സിനിമ. ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും പല പല പകർന്നാട്ടങ്ങൾ. തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണി കൊച്ചിൻ കലാഭവൻ മിമിക്‌സ്‌ പരേഡിലൂടെയാണ്‌ കലാരംഗത്ത്‌ എത്തിയത്‌. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലെത്തിയെങ്കിലും സല്ലാപത്തിലൂടെയാണ്‌ ശ്രദ്ധേയനാകുന്നത്‌. പിന്നീട്‌ നായകവേഷങ്ങളിലെത്തിയ മണി വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനത്തോടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.

ദേശീയ ചലച്ചിത്ര പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയർ അവാർഡ്‌, ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ മണിയെ തേടിയെത്തി. 2016 മാർച്ച്‌ ആറിന്‌ അപ്രതീക്ഷിതമായാണ്‌ മണി ജീവിത തിരശ്ശീല താഴ്‌ത്തി രംഗമൊഴിഞ്ഞത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *