മുംബൈ: നാവികസേനയിൽ നാരീശക്തിയുടെ പ്രകടനമായി അറബിക്കടലിൽ വനിതാ ഓഫിസർമാർ മാത്രമുള്ള സംഘത്തിന്റെ വ്യോമനിരീക്ഷണം. വ്യാഴാഴ്ച വടക്കൻ അറബിക്കടൽ മേഖലയിലായിരുന്നു വനിതാ ഓഫിസർമാർ നവചരിത്രം രചിച്ചത്. ഡോർണിയർ 228 വിമാനത്തിലെ സമുദ്ര സുരക്ഷാ നിരീക്ഷ ദൗത്യത്തിൽ അഞ്ച് ഓഫിസർമാർ പങ്കെടുത്തെന്നു നാവികസേന അറിയിച്ചു.
ലെഫ്റ്റനന്റ് കമാൻഡർ ആഞ്ജൽ ശർമയായിരുന്നു ദൗത്യത്തിന്റെ ക്യാപ്റ്റൻ. ലെഫ്റ്റനന്റ് ശിവാംഗിയും ലെഫ്റ്റനന്റ് അപൂർവ ഗീഥെയു പൈലറ്റുമാർ. ടാക്റ്റിക്കൽ, സെൻസർ ഓഫിസർമാരായ ലെഫ്റ്റനന്റ് പൂജ പാണ്ഡെയും സബ് ലെഫ്റ്റനന്റ് പൂജ ശെഖാവത്തും.
പോർബന്ദർ ആസ്ഥാനമായുള്ള നാവികത്താവളം ഐഎൻഎസ് 314ൽ നിന്നായിരുന്നു അഞ്ചു പേരും ഉൾപ്പെടുന്ന ദൗത്യ സംഘം ഡോർണിയർ വിമാനത്തിൽ കുതിച്ചുയർന്നത്. നാവികസേനയുടെ എയർ സ്ക്വാഡ്രനാണ് ഐഎൻഎസ് 314. നാവിഗേഷൻ ഇൻസ്ട്രക്റ്റർ കമാൻഡർ എസ്.കെ. ഗോയലാണ് സ്ക്വാഡ്രന്റെ തലവൻ. ചരിത്ര ദൗത്യത്തിനു മുന്നോടിയായി അഞ്ചു മാസത്തെ പരിശീലനം നൽകിയിരുന്നു വനിതാ ഓഫിസർമാർക്ക്.
വനിതകൾ തനിച്ച് സ്വതന്ത്രമായ ദൗത്യം പൂർത്തിയാക്കിയത് സായുധസേനയുടെ സവിശേഷമായ നേട്ടമാണെന്ന് നാവികസേനാ അധികൃതർ പറഞ്ഞു. 2018ൽ നാവികസേനയുടെ വനിതാ സംഘം ഐഎൻഎസ്വി തരിണിയിൽ എട്ടു മാസം കൊണ്ട് ലോകം ചുറ്റി തിരിച്ചെത്തി റെക്കോഡ് സ്വന്തമാക്കിയിരുന്നു.