കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസം പകർന്ന് ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം താഴ്ന്നു തുടങ്ങി. കേന്ദ്രസർക്കാരിന്റെ കണക്കുകളനുസരിച്ച് ജൂലൈയിലെ റീട്ടെയ്ൽ നാണയപ്പെരുപ്പം 6.71 ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞു തുടങ്ങിയതാണ് നാണയപ്പെരുപ്പ ഭീഷണി കുറയ്ക്കുന്നത്.
പക്ഷേ റിസർവ് ബാങ്ക് ലക്ഷ്യമിട്ട പരമാവധി നാണയപ്പെരുപ്പ നിരക്കായ ആറ് ശതമാനത്തിലും ഏറെ ഉയർന്ന തലത്തിലാണിത്. ഇതോടൊപ്പം ഇന്ധന വില കാര്യമായി ഉയരാത്തതും സർക്കാരിനും റിസർവ് ബാങ്കിനും ഏറെ ആശ്വാസം പകരുന്നു. ഭക്ഷ്യോത്പന്ന വില സൂചിക ജൂലൈയിൽ 6.75 ശതമാനത്തിലേക്കാണ് താഴ്ന്നത്. ജൂണിലിത് 7.75 ശതമാനമായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസ കാലയളവിലെ റീട്ടെയ്ൽ വില സൂചിക ഏഴ് ശതമാനമാണ്.
നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ നാല് മാസത്തിനിടെ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ 1.4 ശതമാനം വർധന മൂന്ന് ഘട്ടങ്ങളായി
പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ബാങ്കുകളുടെ കരുതൽ ധന നിക്ഷേപ അനുപാതവും ഉയർത്തിയതോടെ വിപണിയിലെ പണലഭ്യത ഗണ്യമായി കുറഞ്ഞതാണ് നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാൻ കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരും ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചതും വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ഇന്ധന വില വർധിപ്പിക്കുന്ന നടപടി മരവിപ്പിച്ചതും ഒരു പരിധി വരെ വിലക്കയറ്റം അപകടകരമായി ഉയരുന്നതിന് തടസമായെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം ഗോതമ്പ്, പഞ്ചസാര തുടങ്ങിയ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതും വിലക്കയറ്റ ഭീഷണി കുറച്ചു.