തിരുവനന്തപുരം: മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ നാലാം ദിവസവും പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചാണ് അന്വേഷണം. എൽഎംഎസ് ജംഗ്ഷനിൽ നിന്നും വാഹനം മടങ്ങിപ്പോകാൻ സാധ്യതയുള്ള വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു. തിരുവനന്തപുരം ഡിസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
അതേസമയം, യുവതിക്കെതിരെ അതിക്രമം നടന്ന അന്ന് പുലർച്ചെ ഒരു വീട്ടിലും അക്രമം നടന്നുവെന്ന് വിവരം. സംഭവ ദിവസം പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻ കോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ദൃശ്യങ്ങളിലുളള ആൾക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് ലൈംഗികാതിക്രമത്തിനിരയായ യുവതി പറഞ്ഞു