മുംബൈ: അത്യന്തം നാടകീയമായി മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ രാജിയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന പേരുകളിൽ ദേവേന്ദ്ര ഫട്നാവിസും. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപിയുടെ അടുത്ത നീക്കം ഫട്നാവിസ് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ.
നാഗ്പൂരിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ് 2014 മുതൽ 2019 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ആദ്യത്തെ മുഖ്യമന്ത്രി കൂടിയാണ് ഫഡ്നാവിസ്. വസന്തറാവു നായ്ക്കിനു ശേഷം കാലാവധി തികച്ച് ഭരിച്ച ആദ്യ മുഖ്യമന്ത്രിയും കൂടിയാണ് അദ്ദേഹം. 2019 മുതൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.
2014 വരെ മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യ കക്ഷിയായിരുന്ന ബി.ജെ.പി 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 27.81 % വോട്ടോടെ 122 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെയാണ് 63 സീറ്റുകൾ നേടിയ ശിവസേനയുടെ പിന്തുണയോടെയാണ് ദേവേന്ദ്ര ഫഡ്നാവിസ് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്.
2019 നവംബർ 23ന് വിമത എൻ.സി.പി നേതാവായ അജിത് പവാറിൻ്റെ പിന്തുണയോടെ മുഖ്യമന്ത്രിയായെങ്കിലും ആ സഖ്യം എൻ.സി.പി നേതാവ് ശരത് പവാർ അംഗീകരിക്കാത്തത് കൊണ്ട് നവംബർ 26ന് ഫഡ്നാവിസിന് സ്ഥാനമൊഴിയേണ്ടി വന്നു.