മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ സിനിമ നിർമാണ രംഗത്തേക്ക് ചുവട് വയ്ക്കുന്നു. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. മോഹൻലാലാണ് കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തത്. ഷിബു ബേബി ജോണിന്റെ അച്ഛന്റെയും അമ്മയുടെയും പേരാണ് നിർമാണ കമ്പനിക്ക് നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം അറിയിച്ചത്.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
“ജീവിതവഴികളിൽ എന്നും എനിക്ക് മാർഗ്ഗദീപമായി നിന്നത് എന്റെ പപ്പാച്ചൻ ബേബി ജോണാണ്. 1963- ൽ പപ്പാച്ചൻ തുടങ്ങിവെച്ച കേരള സീ ഫുഡ്സ് എന്ന സമുദ്രോൽപ്പന്ന കയറ്റുമതിസ്ഥാപനത്തിൽ നിന്ന് കിങ്ങ്സ് ഗ്രൂപ്പെന്ന പേരിൽ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങൾ നടന്നുകയറി.പപ്പാച്ചനിൽ നിന്നാർജ്ജിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഞാനിപ്പോൾ ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നു വരികയാണ്. എന്റെ പപ്പായും മമ്മായുമാണ് ജോണും മേരിയും. രാഷ്ട്രീയപ്രവർത്തനത്തിന്റെയും വ്യാവസായത്തിന്റെയും തിരക്കുകൾക്കിടയിൽ പപ്പാച്ചൻ അമ്മ അന്നമ്മയുമൊന്നിച്ച് കണ്ടത് രണ്ടേ രണ്ട് സിനിമകൾ ! – ആദ്യമായി മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടിയ ‘നീലക്കുയിലും’ ‘സി.ഐ.ഡി’യും. രണ്ട് സിനിമകളും കണ്ടതിന്റെ പിറ്റേ ദിവസം രാഷ്ട്രീയസമരത്തിന്റെ ഭാഗമായി പപ്പാച്ചൻ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മയെ സാന്ത്വനിപ്പിക്കാനുള്ള പപ്പാച്ചന്റെ സ്നേഹത്താലുള്ള ‘അടവുനയ’മായിരുന്നു ആ സിനിമ കാണിക്കലുകൾ.