ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് ഒഡിഷ എഫ്.സിയാണ് മഞ്ഞപ്പടയെ കീഴടക്കിയത്. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി ഏറ്റുവാങ്ങിയത്. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്ട്ടിന് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹര്‍മന്‍ജോത് ഖാബ്ര ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ സ്വന്തമാക്കിയത്. വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സ് ഒന്‍പതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ടീം മോഹന്‍ ബഗാനോടും തോറ്റിരുന്നു.
തുടക്കം മുതൽ ഒഡിഷ എഫ്സി മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ലീഡെടുത്തു. 35-ാം മിനിറ്റില്‍ പ്രതിരോധതാരം ഹര്‍മന്‍ജോത് ഖാബ്രയാണ് മഞ്ഞപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്. ബോക്സിന് വെളിയില്‍ നിന്ന് അഡ്രിയാന്‍ ലൂണ നല്കിയ മനോഹരമായ പാസിന് കൃത്യമായി തലവെച്ച ഖാബ്ര മികച്ച ഹെഡറിലൂടെ വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒഡിഷയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. ഒഡിഷയുടെ ബ്രസീലിയന്‍ ഫോര്‍വേര്‍ഡ് ഡീഗോ മൗറീഷ്യോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ഗില്‍ തടഞ്ഞെങ്കിലും പന്ത് പോസ്റ്റിലിടിച്ച് കടന്നുപോയി. പിന്നാലെ 54 ാം മിനിറ്റിൽ ഒഡിഷ ജെറിയിലൂടെ സമനില ഗോൾ കണ്ടെത്തി. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഗോള്‍ വന്നത്. കാര്‍ലോസ് ഡെല്‍ഗാഡോയുടെ ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ ഗില്‍ തട്ടിയെങ്കിലും കൈയ്യിലാക്കാനായില്ല. ഇത് കണ്ട് ജെറി പന്ത് കാലിലാക്കി വലയിലേക്ക് ഷോട്ടുതിര്‍ത്തു. ഇതോടെ ഒഡിഷ മത്സരത്തില്‍ സമനില പിടിച്ചു.