കൊല്ലം : തെന്മല ഇക്കോ ടൂറിസത്തിൽ കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കി തൂക്കുപാലവും എലിവേറ്റഡ് വാക്ക് വേയും നവീകരിക്കുന്നു. നവീകരണം, അറ്റകുറ്റപ്പണി, അനുബന്ധ സിവിൽ ജോലികൾ എന്നിവയ്ക്കായി വിനോദ സഞ്ചാര വകുപ്പ് 72.95 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി.
രാജ്യത്തെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ് പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന തെന്മല. തെന്മല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റിക്കാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ മേൽനോട്ട ചുമതല. വിനോദ സഞ്ചാര വകുപ്പിന്റെ സഹായത്തോടെ ഉല്ലാസ മേഖല, സാംസ്കാരിക മേഖല, സാഹസിക മേഖല, ശലഭോദ്യാനം, മാൻ പുനഃരധിവാസ കേന്ദ്രം, വന്യജീവി സങ്കേതത്തിലെ ജലാശയത്തിൽ ബോട്ടിങ് തുടങ്ങിയവയാണു സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നത്. എലിവേറ്റഡ് വാക്ക്വേയിൽ മൂന്നു മാസമായി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.