ഭോപ്പാൽ: തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുൻപ് ആർ എസ് എസ് തന്നെ കോൺഗ്രസിൽ ചേരാൻ അയച്ചതെന്ന് ബി ജെ പി നേതാവ് രാം കിഷോർ ശുക്ല. കഴിഞ്ഞ ദിവസം ശുക്ല ബി ജെ പിയിൽ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരോടായിരുന്നു നേതാവിന്റെ പ്രതികരണം. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്, മാവു മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു. ഇതെല്ലാം ചെയ്തത് ആർ എസ് എസ് നേതാവിന്റെ നിർദ്ദേശം അനുസരിച്ചാണ്, ഇതൊരു തിരഞ്ഞെടുപ്പ് തന്ത്രമാിരുന്നു’, എന്നാണ് ശുക്ല പറഞ്ഞത്.
മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ നിലയെ കുറിച്ചുള്ള ആശങ്കയായിരുന്നു ഇതിന് കാരണം. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ അവർ വലിയ എതിർപ്പ് നേരിട്ടിരുന്നു. മുൻ കോൺഗ്രസ് എം എൽ എ അനന്ത് സിംഗ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചു. ഇതെല്ലാം പരിശോധിച്ചതോടെ ഞാൻ ത്യാഗം ചെയ്യാൻ തയ്യാറായി’, ശുക്ല പറഞ്ഞു. തന്നെ കോൺഗ്രസിലേക്ക് അയച്ചത് വി എച്ച് പിയുടെ ഇൻഡോർ വിഭാഗ് സംഗതൻ മന്ത്രി അഭിഷേക് ഉദേനിയയാണെന്ന് ശുക്ല പറഞ്ഞു.
ശുക്ലയുടെ വരവോടെ മണ്ഡലത്തിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയായിരുന്നു. എന്നാൽ ശുക്ലയ്ക്ക് വെറും 29,144 വോട്ട് മാത്രമായിരുന്നു നേടാനായത്. അതേസമയം മണ്ഡലത്തിൽ ഉഷ ബാബുവാണ് വിജയിച്ചത്. 1,02,989 വോട്ടുകളാണ് ഉഷ നേടിയത്. കോൺഗ്രസ് വിമതനായി മത്സരിച്ച അന്തർ സിംഗിന് 68,597 വോട്ടുകളും ലഭിച്ചു. കോൺഗ്രസ് വോട്ടു ചിതറിക്കാനായി അന്തർ സിംഗിനെ സ്വതന്ത്രനാക്കി മത്സരിപ്പിച്ചതും ബി ജെ പി തന്ത്രമായിരുന്നുവെന്നും ശുക്ല പറഞ്ഞു. തിരഞ്ഞെടുപ്പിന് പിന്നാലെ ശുക്ല ബി ജെ പിയിൽ ചേർന്നിരുന്നു.