തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം ഒത്തുതീർപ്പാക്കുന്നതിനായി ഗതാഗത മന്ത്രി വിളിച്ച ചർച്ച ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രിയുടെ ഓഫീസിൽ വച്ചാണ് ചർച്ച. ഇന്നേക്ക് പതിനഞ്ചാം ദിവസമാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം നടക്കുന്നത്. ലൈസൻസിനുള്ള ലേണേഴ്സ് ടെസ്റ്റും, ഗ്രൗണ്ട് ടെസ്റ്റും 15 ദിവസമായി മുടങ്ങിയിരിക്കുകയാണ്. സിഐടിയു ഉൾപ്പെടെയുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കും. ഓരോ സംഘടനയിൽ നിന്നും രണ്ടു പ്രതിനിധികളെ വീതമാണ് ചർച്ചയിലേക്ക് ക്ഷണിച്ചത്. കഴിഞ്ഞദിവസവും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ടെസ്റ്റ് മുടങ്ങിയിരുന്നു. തിരുവനന്തപുരം മുട്ടത്തറയിൽ പതിവുപോലെ പോലീസ് സംരക്ഷണയിൽ എംവിഡി ഉദ്യോഗസ്ഥർ എത്തിയെങ്കിലും സ്ലോട്ട് കിട്ടിയ 40 പേരിൽ രണ്ടു പേർ മാത്രമാണ് ടെസ്റ്റിനായി എത്തിയത്. രണ്ടുപേർക്കും വാഹനമില്ലാത്തതിനാൽ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.