KeralaNews

ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷൻ ഇനി സൊസൈറ്റി രൂപത്തിൽ പ്രവർത്തിക്കും.

തിരുവനന്തപുരം:ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷൻ ഇനി സൊസൈറ്റി രൂപത്തിൽ പ്രവർത്തിക്കും. ഉത്തരവാദിത്വ ടൂറിസം മിഷനെ സൊസൈറ്റി ആക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂൾസ് ആൻഡ് റെഗുലേഷൻസും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ ടൂറിസം മേഖലയിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ പരിശീലനം, മാർക്കറ്റിങ്‌, മറ്റ് പിന്തുണാ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പുനൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്വ ടൂറിസം മാറും.

ടൂറിസം മന്ത്രി ചെയർമാനും ടൂറിസം സെക്രട്ടറി വൈസ് ചെയർമാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്വ മിഷൻ കോ–-ഓർഡിനേറ്റർ സിഇഒയുമായി പ്രവർത്തിക്കുന്നതാകും സൊസൈറ്റിയുടെ ഘടന. യുഎൻഡിപി നൽകുന്ന കോ- ഫണ്ടിങ്‌ രീതി സൊസൈറ്റി അല്ലാത്തതിനാൽ അവസാനിപ്പിച്ചിരുന്നു. സൊസൈറ്റിയാകുന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്നും മറ്റ് ഏജൻസികളിൽനിന്നും ഫണ്ട് കൈപ്പറ്റാനാകും. സ്വതന്ത്ര സ്വഭാവത്തിൽ പ്രവർത്തിക്കുന്നതിലൂടെ പ്ലാൻഫണ്ട് വിനിയോഗം കുറയ്‌ക്കാനുമാകും.

2017ൽ മിഷന് 40 തസ്തികയ്‌ക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. അതിനാൽ അധിക സാമ്പത്തിക ബാധ്യത വരില്ല. രജിസ്‌ട്രേഷൻ ഫീസ്, കൺസൾട്ടൻസി ചാർജ്, ഉൽപ്പന്ന വിപണനത്തിലൂടെയുള്ള കമീഷൻ, പരിശീലനം നൽകാനുള്ള ഫീസ് തുടങ്ങിയവയിലൂടെ വരുമാനം വർധിക്കും. സ്വതന്ത്ര സ്വഭാവത്തോടെ കൂടുതൽ മേഖലകളിൽ പ്രവർത്തിക്കാനുമാകും. ടൂറിസംമിഷന് കീഴിൽ നിലവിൽ 24,000 പ്രാദേശിക യൂണിറ്റ്‌ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്ക് റിവോൾവിങ്‌ഫണ്ട് നൽകുന്നുണ്ട്. 1,50,000 കുടുംബത്തിന്‌ മിഷൻ വഴി വരുമാനവും ലഭിക്കുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *