തിരുവനന്തപുരം: ജിഎസ്ടി മാറ്റം നിലവില്‍ വന്നെങ്കിലും ഏതൊക്കെ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി എന്നതില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം തുടരുകയാണ്. പാക്ക് ചെയ്ത ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതിലാണ് ആശയക്കുഴപ്പം. കേരളത്തില്‍ ഭൂരിപക്ഷം ഉല്‍പനങ്ങളും പഴയ വിലയില്‍ തന്നെയാണ് ഇന്ന് വില്‍പന നടത്തിയത്. കടകളില്‍ നിലവില്‍ സ്റ്റോക്കുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ചില്ലറയായി തൂക്കി വിറ്റാല്‍ നികുതി കുറയുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. സോഫ്റ്റ്‌വെയറില്‍ മാറ്റം വരാത്തതും പ്രതിസന്ധിയാണ്. അരി, പരിപ്പ്, പയര്‍ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതില്‍ കടുത്ത ആശങ്കയാണ് ഉയരുന്നത്. അതേസമയം മില്‍മ, തൈര് പുതുക്കിയ വിലയില്‍ വില്‍പന തുടങ്ങി. മൂന്ന് മുതല്‍ അഞ്ച് രൂപ വരെയാണ് മില്‍മ കൂട്ടിയത്. 25 കിലോയ്ക്ക് മുകളിലുള്ള പായ്ക്ക്ഡ് ഭക്ഷ്യോല്‍പനങ്ങള്‍ പുതിയ ജിഎസ്ടിയുടെ പരിധിയില്‍ ഇല്ലെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചിട്ടുണ്ട്. ചില്ലറയായി വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയെന്ന പരാതി കിട്ടിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ജിഎസ്ടി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജിഎസ്ടി കൗണ്‍സിലില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായാണ് നികുതി പരിഷ്‌കരണം എന്നാണ് ധനമന്ത്രി പറയുന്നത്.