KeralaNews

ജനകീയ പ്രതിരോധ ജാഥയ്ക്ക്‌ വൻ വരവേൽപ്പ്

തിരൂരങ്ങാടി (മലപ്പുറം)> കടലായ്‌ നിറഞ്ഞ മനസ്സുകൾ വർഷങ്ങൾ പിറകിലേക്കുപോയി. തൊടുന്യായം പറഞ്ഞ്‌ എതിർത്തവർ വിതച്ച ആശങ്കകൾ അകറ്റി ദേശീയപാത വികസനം സാധ്യമാക്കിയ എൽഡിഎഫ്‌ സർക്കാരിനോടുള്ള ഹൃദയൈക്യം പ്രതിഫലിച്ച സ്വീകരണകേന്ദ്രങ്ങൾ. തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാട്‌ പാതയ്ക്കായി ഭൂമി വിട്ടുനൽകിയവരാണ്‌ ജനകീയ പ്രതിരോധ  ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ കണ്ട്‌ സന്തോഷം പങ്കിട്ടത്‌.

‘കിടപ്പാടംതന്നെ ഏറ്റെടുത്തിട്ടും ഒരുതുള്ളി കണ്ണീർ വീഴാതെ നോക്കിയ സർക്കാരിന്‌ നന്ദി’–- കക്കാട്ടെ ഇ വി അബ്ദുൾ ജലീലിന്റെ വാക്കുകൾ. ‘ഗോവിന്ദൻ മാഷെ കാണണ’മെന്ന ഒറ്റ ആഗ്രഹവുമായാണ്‌ അരിക്കാടൻ ഇബ്രാഹിംകുട്ടി കാത്തുനിന്നത്‌. ‘നാടിന്റെ വികസനത്തിനാണെങ്കിലും വിട്ടുനൽകിയ ഭൂമിക്ക്‌ നല്ല വില കിട്ടിയതിൽ സന്തോഷം’–- തിങ്കൾ പകൽ മൂന്നിന്‌ ചെമ്മാട്ടെ വേദിക്കരികെ തങ്ങൾക്കിടയിലേക്ക്‌ വന്ന ജാഥാ ക്യാപ്‌റ്റനോട് ആലുങ്കൽ ജാസിം പറഞ്ഞു. ‘സർവേക്കല്ലല്ല, ഇത്‌ മീസാൻ കല്ല്’ എന്നായിരുന്നു മുദ്രാവാക്യം. പാണക്കാടുപോയി മണിക്കൂറുകൾ സംസാരിച്ചെങ്കിലും അവർ ഇടപെടാൻ തയ്യാറായില്ല. എൽഡിഎഫ്‌ സർക്കാരാണ് ഞങ്ങളുടെ സങ്കടം മാറ്റിയത്‌– ആദ്യമായി സർവേക്കല്ലിട്ട തലപ്പാറയിൽ സമരത്തിനുപോയത് ഇ വി അബ്ദുൾ ജലീൽ ഓർത്തു.
സ്തംഭിച്ചുനിന്ന ദേശീയപാത വികസനം മുന്നോട്ടുകൊണ്ടുപോകാൻ കേരളം സ്വീകരിച്ച നടപടികൾ എം വി ഗോവിന്ദന്റെ പ്രസംഗത്തിലും നിറഞ്ഞുനിന്നു. ‘എൽഡിഎഫ് സർക്കാർ 6500 കോടി ചെലവഴിച്ചു. പദ്ധതിക്കായി ഖബറിടംപോലും വിട്ടുകൊടുത്ത പള്ളി കമ്മിറ്റികളുള്ള നാടാണ് മലപ്പുറം. നാടിനൊപ്പംനിന്ന അവരുടെ മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല’–- അദ്ദേഹം പറഞ്ഞു. ഇതേ അടുപ്പത്തിന്റെ കാഹളം മുഴക്കിയ ജില്ലയിലെ രണ്ടാംദിന പ്രയാണത്തിൽ വേങ്ങര, വള്ളിക്കുന്ന്‌ മണ്ഡലത്തിലെ അത്താണിക്കൽ, താനൂർ, തിരൂർ എന്നിവിടങ്ങളിലും ജാഥയ്ക്ക്‌ വൻ വരവേൽപ്പായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *