ഭോപ്പാല്‍: ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന നിയമസഭ തിരഞ്ഞെടുപ്പുകളാണ് ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ഇന്ന് നടക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളായതിനാല്‍ രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഈ സംസ്ഥാനങ്ങളിലേയ്ക്ക് ഉറ്റുനോക്കുന്നത്. മധ്യപ്രദേശില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കില്‍ ഛത്തീസ്ഗഡില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. കോൺഗ്രസിന് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ജനപിന്തുണയും സംസ്ഥാന ബിജെപി തകർച്ചയിലാണെന്നതുമാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്.