പാറശാല: ഓണം കഴിഞ്ഞിട്ടും മാവേലിനാട്ടിൽ ആവേശത്തേരൊരുക്കി കോൺഗ്രസ് പ്രവർത്തകർ. ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ഗാന്ധിക്ക് കേരള അതിർത്തിയിൽ രാജോചിത വരവേല്പ്. ചന്ദനം തൊട്ടും ഖദർ ഷാൾ അണിയിച്ചും നേതാക്കൾ അദ്ദേഹത്തെ വരവേറ്റു. രാഹുലിനെ അണിയിക്കാൻ പൊന്നാടയുമായാണ് പ്രവർത്തകരെത്തിയത്.
രാവിലെ ഏഴിനു തന്നെ പാറശാലയിൽ നിന്ന് ഭാരത് ജോഡോ പദയാത്ര ആരംഭിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശൻ,എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ,മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി,മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെ.മുരളീധരൻ എംപി,യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ,ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി,ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി, എം വിൻസന്റ് എംഎൽഎ,ഡിസിസി പ്രസിഡന്റ് പാലോട് രവി,എംപിമാർ.എംഎൽഎമാർ,കെപിസിസി,ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് ജാഥയെ കേരളത്തിന്റെ മണ്ണിലേക്ക് സ്വീകരിച്ചാനയിച്ചു.
രാവിലെ പത്തിന് ഊരൂട്ടുകാല മാധവി മന്ദിരത്തിൽ പദയാത്രികർ എത്തിച്ചേരും. അവിടെയാണു പ്രഭാത ഭക്ഷണവും വിശ്രമവും. ഉച്ച കഴിഞ്ഞ് രണ്ടിന് നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്തുതൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവാദം നടത്തും. തുടർന്ന് മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിക്കും. മൂന്നുകല്ലിൻമൂട് നിന്നാണ് വൈകുന്നേരത്തെ പദയാത്ര തുടങ്ങുക. യാത്രാമധ്യേ നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപം അനാച്ഛാദനം ചെയ്യും