തിരുവനന്തപുരം > കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സർവകലാശാല. രജിസ്ട്രാറുടെ നിർദേശപ്രകാരം പരീക്ഷാ കൺട്രോളർ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ അൻസിൽ ജലീലിനെതിരെ ന്യായീകരിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് ദേശാഭിമാനി വാർത്ത ശരിവച്ച് റിപ്പോർട്ട് പുറത്തുവന്നത്.
സർവകലാശാല ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തിട്ടില്ല. അതിൽ പറയുന്നതുപോലുള്ള രജിസ്റ്റർ നമ്പർ ബികോം ബിരുദത്തിന് നൽകിയിട്ടില്ല. മുൻ വിസി ഡോ. രാമചന്ദ്രൻ നായരുടേതാണ് കാണിച്ചിരിക്കുന്ന ഒപ്പ്. സർട്ടിഫിക്കറ്റിലുള്ള തീയതികളിൽ വൈസ്‌ചാൻസലറായിരുന്നത് ഡോ. പി കെ രാധാകൃഷ്‌ണനാണ്. സർട്ടിഫിക്കറ്റ് എവിടെ നിർമിച്ചെന്നും എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനും കുറ്റക്കാരെ കണ്ടെത്താനും പൊലീസ് അന്വേഷണം ആവശ്യമാണെന്നും പരീക്ഷാ കൺട്രോളർ ഗോപകുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.