കുവൈത്ത്: കുവൈത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. 14 ൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളതെന്നാണ് വിവരം. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. നിലവിൽ ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റ 31 ഇന്ത്യക്കാരും ചികിത്സ തേടുന്നത്.