കുറ്റ്യാടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ. അറസ്റ്റിലായത് മാവൂർ സ്വദേശിയായ മുഹമ്മദ് അമൽ ആണ്. ഇന്നു രാവിലെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അമലിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ യുവതിയെ ജൂലൈ 13 നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിനൊപ്പം മേത്തോട്ടുതാഴത്തെ ഗണപതിക്കുന്നിനു സമീപത്തെ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ അച്ഛനിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. യുവതിയുമായി ഒന്നര വർഷമായി പരിചയമുള്ള മുഹമ്മദ് അമൽ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് വീടെടുത്തു താമസിച്ചിരുന്നതായാണ് യുവതിയുടെ അച്ഛൻ പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം സ്ഥലത്തുനിന്നു മാറ്റിയത് സംശയം ഉളവാക്കുന്നുവെന്നും പരാതിയുണ്ട്.