തിരുവനന്തപുരം: സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്ക് പുതിയൊരു ഏട് കൂടി. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളപ്പിൽ നിന്ന് സർക്കാർ മുദ്രയുള്ള ഔദ്യോഗിക വാഹനം ഒരു സെക്യൂരിറ്റി ചെക്കുമില്ലാതെ പുറത്തു കൊണ്ടുവന്ന് ഒരാൾ പല ദിവസങ്ങളിൽ കറങ്ങി നടന്ന് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടും പൊലീസ് ഇരുട്ടിൽ തപ്പി. അതും ഒരാഴ്ച. പ്രതിയെപ്പറ്റി കൃത്യമായ വിവരം കിട്ടിയപ്പോഴും മടിച്ചു മടിച്ചാണ് അയാളെ കസ്റ്റഡിയിലെടുക്കാൻ പോലും തയാറായത്. കാരണം പ്രതിയെന്നു കണ്ടെത്തിയ ആൾ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. ഗൂണ്ടകളും കവലച്ചട്ടമ്പിമാരും അടക്കി വാഴുന്ന തലസ്ഥാന നഗരത്തിൽ കൊടും കുറ്റകൃത്യത്തിന് ഒരു മന്ത്രിയുടെ ഓഫസീസുമായി നേരിട്ടു ബന്ധമുള്ള ആൾ ഇറങ്ങിത്തിരിച്ചു എന്ന അസാധാരണ സ്ഥിതിവിശേഷമാണ് ജനങ്ങളെ അപ്പാടെ നടുക്കുന്നത്.