കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തില്‍ പതിറ്റാണ്ടുകളായി ജീവിച്ച മുതല ‘ബബിയ’ ഇനിയില്ല. ഞായര്‍ രാത്രി പത്തോടെയാണ് ബബിയ ചത്തത്. കേരളത്തിലെ ഏക തടാകക്ഷേത്രമായ ഇവിടുത്തെ കുളത്തില്‍ ഏഴ് പതിറ്റാണ്ടിലേറെയായി ജീവിച്ചു. അമ്പലത്തിന്റെ നിവേദ്യമാണ് പ്രധാന ഭക്ഷണം. തിങ്കള്‍ രാവിലെ ക്ഷേത്രം തന്ത്രിയുടെ കാര്‍മികത്വത്തില്‍ മരണാനന്തര ചടങ്ങുകള്‍ നടന്നു.തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് അനന്തപുരം ക്ഷേത്രമെന്നാണ് ഐതീഹ്യം. ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയെ 1945ല്‍ ബ്രീട്ടീഷ് പട്ടാളക്കാരന്‍ വെടിവച്ചു കൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ‘ബബിയ’ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നുമാണ് വിശ്വാസം. ബബിയയെ കാണാനായി മാത്രം ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ വര്‍ഷവും ക്ഷേത്രത്തിലെത്തിയിരുന്നത്.