ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിലെ കാഞ്ചിയുലാറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കാഞ്ജിയുലാറിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ അടുത്തിടെ കുൽഗാം ജില്ലയിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ടയാളാണെന്ന് കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ബാങ്ക് മാനേജരെ വധിച്ച ജാൻ മുഹമ്മദ് ലോണാണെന്ന് തിരിച്ചറിഞ്ഞു.
കുൽഗാമിൽ ബാങ്ക് മാനേജർ വിജയ് കുമാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ മുഹമ്മദ് ലോണായിരുന്നു. ഈ വർഷം ഇതുവരെ അറുപതോളം ഏറ്റമുട്ടലാണ് ജമ്മു കശ്മീരിലുണ്ടായത്. 28 പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 95 ഭീകരരെ സൈന്യം വധിച്ചു. ഈ വർഷം കശ്മീരിൽ 17 സാധാരണക്കാരും 16 സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു.