KeralaNews

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍.

ന്യൂഡൽഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാവില്ല. പിഴ മണിച്ചന്‍ അടച്ചാല്‍, ആ തുക മദ്യദുരന്തക്കേസിലെ ഇരകള്‍ക്ക് കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ശിക്ഷാ ഇളവ് നല്‍കിയെങ്കിലും പിഴത്തുക അടയ്ക്കാത്തതിനാല്‍ മണിച്ചന്‍ ജയിലില്‍ തുടരുകയാണ്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് മണിച്ചന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ, 30 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ അടയ്ക്കണമെന്നും വിധി പ്രസ്താവിച്ചിരുന്നു. ഈ പിഴത്തുക ഇരകള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മണിച്ചന്റെ ജയില്‍ മോചനത്തിനുള്ള ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പിഴത്തുക അടയ്ക്കാനാകാത്തതിലാണ് മണിച്ചന്റെ ജയില്‍ മോചനം സാധ്യമാകാത്തതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കുന്നു.

ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ മണിച്ചന്റെ ഭാര്യ ഉഷയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ.ബി പർഡിവാല എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 31 പേർ മരിച്ച കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയാണ് മണിച്ചൻ. 2000 ഒക്ടോബർ  21 നാണ് കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *