ഇരിങ്ങാലക്കുട: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂർ ബാങ്കിന് 50 കോടി രൂപയുടെ അടിയന്തിര സഹായം അനുവദിക്കുമെന്ന സർക്കാർ തീരുമാനം നിക്ഷേപകരുടെ നെട്ടോട്ടത്തിന് തെല്ലൊരാശ്വാസമായി. കഴിഞ്ഞ ഒരു കൊല്ലമായി കരുവന്നൂർ ബാങ്ക് വിഷയം കത്തിക്കാളൻ തുടങ്ങിയിട്ട്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. ഇതര രാഷ്ടീയകക്ഷികൾ ബാങ്കിന് മുമ്പിൽ നിരന്തര സമരം നടത്തിയിരുന്നു.
ഇതിനിടെയാണ് വിദഗ്ധ ചികിത്സക്ക് നിക്ഷേപക തുക കിട്ടാത്തതിനെ തുടർന്ന് മാപ്രാണം സ്വദേശിയും റിട്ട. നഴ്സുമായ ഫിലോമിനയുടെ മരണം. 28 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടായിട്ടും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫിലോമിനയുടെ ഭർത്താവ് ബാങ്കിൽ നിരന്തരം കയറിയിറങ്ങിയെങ്കിലും നിക്ഷേപതുക അനുവദിക്കാതിരുന്നത് സർക്കാരിനെ പ്രതിക്കുട്ടിലാക്കിയ സംഭവമായി. മാപ്രാണം സ്വദേശിയായ ജോസഫിന് മക്കളുടെ ചികിത്സക്ക് പണം കിട്ടാതിരുന്നതും വലിയ വിവാദമായി. ഫിലോമിനയുടെ മരണത്തോടെ സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിച്ചു. ഫിലോമിനയുടെ കുടുബത്തിനും ജോസഫിനും നിക്ഷേപതുക പൂർണ്ണമായും മന്ത്രി ആർ. ബിന്ദു നേരിട്ട് വീടുകളിൽ എത്തിച്ചു.
ഇതിനിടെ തട്ടിപ്പ് നടത്തിയ ബാങ്ക് ഭരണസമിതിയേയും ജീവനക്കാരെയും സംരക്ഷിച്ചത് പൂർണ്ണമായും പാർട്ടിയുടെ അറിവോടെയാണെന്ന വിവാദവും കൊഴുക്കുകയാണ്. പാർട്ടിയുടെ ഏരിയാ സെക്രട്ടറിയേയും, രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളെയും കഴിഞ്ഞ വർഷം നടപടിയുടെ ഭാഗമായി തരം താഴ്ത്തിയിരുന്നു. എന്നാൽ തരംതാഴ്ത്തപ്പെട്ട സെക്രട്ടറി അംഗമായി വീണ്ടും ഏരിയാ കമ്മിറ്റിയിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.