KeralaNews

കണ്ണീരിൽ കുതിർന്ന് തലശ്ശേരി…; പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാനെത്തുന്നത് പതിനായിരങ്ങൾ

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി. അവസാനമായി ഒരുനോക്കുകാണാന്‍ വന്‍ ജനപ്രവാഹമാണ്  തലശ്ശേരി ടൗണ്‍ഹാളിലെത്തിയത്. മുദ്രാവാക്യം വിളികളോട് കൂടി, വികാരഭരിതമായാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്.

മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്‍പചക്രം അര്‍പ്പിച്ചു. മട്ടന്നൂരിലും കൂത്തുപറമ്പിലും അന്ത്യാഞ്ജലികളർപ്പിക്കാന്‍ ആയിരങ്ങളായിരുന്നു എത്തിയിരുന്നത്. കോടിയേരിയെ അവസാനമായി കാണാന്‍ ജനപ്രവാഹമാണ് ടൗണ്‍ ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വികാര നിർഭരമായ വിലാപയാത്രയിൽ ആയിരങ്ങളായിരുന്നു വഴിയരികിൽ കാത്തുനിന്നത്. വിലാപയാത്ര കടന്നു വന്ന 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനുളള സൗകര്യമൊരുക്കിയിരുന്നു.  സ്റ്റുഡസ്റ്റ് പൊലീസുകൾ അഭിവാദ്യം അർപ്പിച്ചു. ടൌണ്‍ ഹാളിന് മുന്നല്‍ പൊലീസ് കോടിയേരിക്ക് ആദരം അര്‍പ്പിച്ചു. 

അതേസമയം, കോടിയേരി ബാലകൃഷ്ണന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനപ്രവാഹം എത്തുന്ന സാഹചര്യത്തില്‍ പൊതുദര്‍ശന സമയം നീട്ടി. ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കാനാണ് തീരുമാനം. 8 മണി വരെ നടത്താനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. പയ്യാമ്പലത്ത് തിങ്കളാഴ്ച വൈകീട്ട് 3 ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. 

ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നേതാക്കളായ എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, തോമസ് ഐസക്, കെ കെ ശൈലജ തുടങ്ങിയ നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടിച്ചിടും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *