കൊല്ലം : ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വ്യാഴാഴ്‌ച അന്വേഷകസംഘത്തിന് കൈമാറിയേക്കും. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കൊട്ടാരക്കര ഫസ്റ്റ്‌ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതികളെ വ്യാഴാഴ്‌ച കോടതിയിലെത്തിക്കും.
പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാൻ പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കസ്റ്റഡിയിൽ കിട്ടുന്നതോടെ പ്രതികളെ സംഭവസ്ഥലങ്ങളിലെത്തിച്ച് മൂന്നുദിവസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കാനാണ് ശ്രമം. പ്രതികൾ ഉപയോഗിച്ച ലാപ്‌ടോപ്, പെൻഡ്രൈവ് അടക്കമുള്ളവ പരിശോധിക്കും. പ്രതികൾ പാർപ്പിച്ച വീട്ടിൽ പെൺകുട്ടിയെ എത്തിച്ച് തെളിവെടുക്കും. കേസന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമം.