KeralaNews

എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാർത്ത – സിപിഎം

തിരുവനന്തപുരം: ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം എകെജി സെന്റർ സന്ദർശിച്ചുവെന്ന വാർത്തയിൽ പ്രതികരണവുമായി സിപിഎം. എകെജി സെന്ററിന് മുൻപിൽ നിൽക്കുന്ന ഒരു ചിത്രവും നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് വസ്തുതാപരമല്ലെന്ന് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു. ജൂലൈ ഒന്നിന് ഏഴ് എസ്ഡിപിഐ അം​ഗങ്ങൾ വന്നിരുന്നുവെന്നും എന്നാൽ എസ്‌.ഡി.പി.ഐയുമായി കൂടിക്കാഴ്‌ച നടത്താന്‍  പാര്‍ട്ടിക്ക്‌ താല്‍പര്യമില്ല എന്നറിയിച്ച്‌ മടക്കിവിടുകയാണ്‌ ചെയ്‌തത്‌. 

പുറത്ത്‌ ഇറങ്ങിയ ഇവര്‍ എകെജി സെന്ററിന്‌ മുന്നില്‍ നിന്ന്‌ ഫോട്ടോ എടുത്ത്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും അത്‌ ഏറ്റെടുത്ത്‌ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഇത്‌ പൂര്‍ണ്ണമായും കളവാണെന്ന് എകെജി സെന്റര്‍ പുറത്തുവിട്ട പത്ര കുറിപ്പിൽ പറയുന്നു. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന എ.കെ.ജി സെന്റര്‍ പൊതുജനങ്ങള്‍ക്ക്‌ എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്‌. ഇവിടെ ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. അതേസമയം ഓഫീസിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എ.കെ.ജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്‌.ഡി.പി.ഐ സ്വയം പ്രചരണം നടത്തുന്നത്‌ മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണെന്നും അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സിപിഎം വ്യക്തമാക്കി. സിപിഐ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയം ജനങ്ങള്‍ക്ക്‌ പൂര്‍ണ്ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന്‌ ഉറപ്പാണ്‌. ഒരു പരിശോധനയും കൂടാതെ ഇത്തരം പ്രചരണങ്ങള്‍ ഏറ്റെടുത്ത്‌ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഫലത്തില്‍ ഇത്തരക്കാരുടെ ദുരുദ്ദേശത്തെ പിന്തുണയ്‌ക്കുകയാണ്‌ ചെയ്യുന്നതെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ്‌ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *