എയർ ഇന്ത്യ സമരത്തെത്തുടർന്ന് തിരുവനന്തപുരം, കൊച്ചി,കരിപ്പൂർ, കണ്ണൂർ വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി. തിരുവനന്തപുരത്ത് നാല് വിമാനങ്ങൾ റദ്ദാക്കി. മസ്ക്കറ്റ്, ഷാർജ, ദുബായ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. കൊച്ചിയിൽ ഇന്ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. കരിപ്പുരിൽ എട്ട് സർവീസ് റദ്ദാക്കി. ഷാർജ, മസ്കറ്റ്, ദമാം, ബഹറിൻ എന്നിവിടങ്ങളിൽ നിന്നും എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാർക്ക് മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ഷാർജ,മസ്കറ്റ്,അബുദാബി സർവ്വീസുകളാണ് റദ്ദാക്കിയത്.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പലരും മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് വിമനങ്ങൾ റദ്ദാക്കിയിയത് അറിഞ്ഞത്. കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്നാണ് പ്രതിഷേധം. ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് കാരണമെന്നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണം.