KeralaNews

എകെജി സെന്റർ ആക്രമണ അന്വേഷണം പൊലീസ് തന്നെ അട്ടിമറിച്ചു

എകെജി സെന്റർ ആക്രമണ അന്വേഷണം പൊലീസ് തന്നെ അട്ടിമറിച്ചു, പ്രതികൾ സിപിഎം പ്രവർത്തകരെന്ന് അറിഞ്ഞപ്പോൾ കേസ് മുക്കി

 ലേഖകന്‍

തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസ് പൊലീസ് തന്നെ അട്ടിമറിച്ചു. പാർട്ടി നിർദേശപ്രകാരമാണു നടപടി. പ്രതിക്കും സഹായിക്കും ഉള്ള സി പി എം ബന്ധത്തിൻ്റെ തെളിവുകൾ ലഭിച്ചിട്ടും നടപടി എടുക്കാത്തതാണു പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. എകെജി സെന്ററിലേക്കു പടക്കമെറിഞ്ഞത് തലസ്ഥാനത്തെ പാർട്ടി അം​ഗങ്ങൾ തന്നെയെന്നു നേരത്തേ വിവരം പുറത്തു വന്നിരുന്നു. ഒരു തട്ടകടക്കാരനാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഇയാൾ സിപിഎം അനുഭാവിയാണെന്ന് അടുത്ത ദിവസം തന്നെ വീക്ഷണം റിപ്പോർട്ട് ചെയ്യുകയും ചെയ്തതാണ്. എന്നാൽ യഥാർഥ പ്രതികളെ ഇരുട്ടിൽ നിർത്തി ഏതെങ്കിലും കോൺ​ഗ്രസുകാരന്റെ തലയിൽ കുറ്റം കെട്ടിവയ്ക്കാനായിരുന്നു തുടക്കം മുതൽ സിപിഎം ശ്രമിച്ചത്. സംഭവസ്ഥലത്ത് എത്തിയ ഇടതു കൺവീനർ ഇ.പി. ജയരാജൻ, ആക്രമത്തിന്റെ ഉത്തരവാദിത്വം കോൺ​ഗ്രസിനു മേൽ കെട്ടിവച്ചു. എന്നാൽ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിക്കണണെന്നു കോൺ​ഗ്രസ് നേതൃത്വവും നിലപാടെടുത്തു. തെളിവുകളെല്ലാം തങ്ങൾക്കെതിരാണെന്നു വന്നപ്പോളാണ് കേസ് അന്വേഷണം മരവിപ്പിക്കാൻ പൊലീസിനു മേൽ സമ്മർദം ശക്തമായത്.
എകെജി സെൻ്ററിന് മുന്നിലൂടെ നിരവധി തവണ പോയ തട്ടുകടക്കാരൻ പ്രതിയുടെ സഹായി ആണെന്ന് സംശയങ്ങൾ ഉയർന്നിട്ടും ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് ആ വഴിക്കുള്ള അന്വേഷണം നിർത്തിവച്ചു. അന്വേഷണം ബോധപൂർവ്വം വഴി തിരിച്ചവിട്ട ശേഷം ക്രൈം ബ്രാഞ്ചിനു കൈമാറുകയാണ് പൊലീസ് ചെയ്തത്.
എകെജി സെന്റർ ആക്രമണം നടന്നു രണ്ടാം ദിവസം തന്നെ പോലീസിന് വ്യക്തമായ സൂചനകൾ കിട്ടിയിരുന്നു. ജൂൺ മൂപ്പതിന് രാത്രി 11.23 നും 11.24 നും ഇടയിലായിരുന്നു എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞത്. എകെജി സെൻ്ററിൽ നിന്നും പുറത്തു വിട്ട സിസിടിവി ദൃശ്യത്തിന് പുറമേ വ്യക്തമായ സിസിടിവി ദൃശ്യം കൂടി ഉണ്ടായിരുന്നു. അതിൽ നിന്നും സംശയ മുന എത്തിയത് തട്ടുകടക്കാരനിലേക്കാണ്.
സംഭവം നടന്ന രാത്രി 10 50 നും 11. 30 നും ഇടയിൽ ഏഴ് തവണയാണ് ഇയാൾ എകെജി സെൻ്ററിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സ്കൂട്ടറോടിച്ചത്. തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് പോയതെന്നാണ് ഇയാൾ പോലീസിനോട് വിശദീകരിച്ചത് എന്നാൽ ഈ സ്കൂട്ടറിൽ വെള്ളത്തിൻ്റെ ക്യാൻ ഉണ്ടായിരുന്നത് ഒരു തവണ മാത്രമാണെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായത്. മാത്രമല്ല സ്ഫോടനം നടന്നതിന് പിന്നാലെ ഇയാൾ എകെജി സെൻ്ററിന് മുന്നിലൂടെ കടന്നു പോയെങ്കിലും പൊലീസും ആൾക്കൂട്ടവും ഉണ്ടായിട്ടും തിരിഞ്ഞു നോക്കുന്നില്ല. .

അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ തന്നെ ഇയാൾ സ്ഫോടക വസ്തു മറ്റൊരാൾക്ക് എത്തിച്ച് നൽകി അയാൾ എറിയുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്‌ എത്തിയത്. പക്ഷെ തട്ടുകടക്കാരന്റ പ്രാദേശിക സിപിഎം ബന്ധം തിരിച്ചറിഞ്ഞതോടെ ആ വഴിക്കുള്ള അന്വേഷണം നിർത്താൻ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ചു എന്നാണ് വിവരം. തട്ടുകടക്കാരൻ്റെ ഫോൺ രേഖ തന്നെ ഉന്നത ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്ക് വിടാതെ ഒളിപ്പിച്ചു.
തട്ടുകടക്കാരനിലേക്കും സുഹൃത്തിലേക്കും പോകാതെ ഡിയോ സ്കൂട്ടറിന്റെയും പടക്കക്കാരുടെയും പിന്നാലെ പോയി അന്വേഷണം വഴി മാറി ഇഴഞ്ഞു നീങ്ങി. ഇതിനെല്ലാം ഇടയിൽ എകെജി സെൻ്ററിന് കാവലുണ്ടായുന്ന ഏഴ് പോലീസുകാരിൽ അഞ്ച് പേരും സംഭവം നടക്കുമ്പോൾ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിന് മുകളിൽ കിടന്നുറങ്ങുകയായിരുന്നെന്നും വിവരമുണ്ട്.
പ്രതി എന്ന് സംശയിക്കുന്ന ആളുകളുടെ അടുത്ത് വരെ എത്തിയിട്ടും പൊലീസ് വിട്ടു കളഞ്ഞു. കൈയകലത്ത് നിർണായക തെളിവുകളുണ്ടായിട്ടും മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കാനും പൊലീസിന് തടസമായത് പ്രതികളുടെ പാർട്ടി ബന്ധമാണ്. സ്വന്തം ഓഫീസ് ആക്രമിച്ചു പോലും രാഷ്‌ട്രീയ എതിരാളികളുടെ വായടപ്പിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വികലമായ നടപടിയായി 25 ദിവസം പിന്നിട്ട സ്വന്തം ഓഫീസ് ആക്രമണം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *