Uncategorized

ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടി സമാപിച്ചു.

ന്യൂഡൽഹി: ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടി സമാപിച്ചു. ജി20 അധ്യക്ഷ പദവി ഇന്ത്യ, ബ്രസീലിന്‌ കൈമാറി. ഉച്ചകോടിയുടെ സമാപന സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന്‌ ആചാരപരമായ ചുറ്റിക രൂപത്തിലുള്ള ലഘുദണ്ഡ്‌ (ഗാവൽ) ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവയാണ്‌ ഏറ്റുവാങ്ങി. ഡിസംബർ ഒന്നിന്‌ പദവി ഔദ്യോഗികമായി ബ്രസീൽ ഏറ്റെടുക്കും.

ഒരു ഭാവിയെന്ന സന്ദേശമുയർത്തിയ മൂന്നാം സെഷനോടെ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്ക്‌ തിരശ്ശീല വീണു. ഞായർ രാവിലെ നേതാക്കൾ രാജ്‌ഘട്ടിലെ മഹാത്മാഗാന്ധിയുടെ ശവകുടീരത്തിലെത്തി ആദരമർപ്പിച്ചു. ജി–20 അധ്യക്ഷപദവി നവംബർവരെ ഇന്ത്യക്കുണ്ടെന്ന്‌ സമാപന പ്രസംഗത്തിൽ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബറിൽ വിർച്വൽ സമ്മേളനം ചേരാമെന്ന നിർദേശവും മുന്നോട്ടുവച്ചു. അവസാന ദിവസം ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോണുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി. മോദിയുടെ പാരീസ്‌ സന്ദർശനത്തിനു ശേഷമുള്ള നയതന്ത്രനീക്കങ്ങളുടെ പുരോഗതി വിലയിരുത്തിയ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന്‌ സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കി. ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും മോദി ചർച്ച നടത്തി.

ഊഴമനുസരിച്ച്‌ അടുത്ത ഉച്ചകോടി ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോയിൽ 2024 നവംബറിലാണ്‌ നടക്കുക. തങ്ങൾ ആതിഥ്യം വഹിക്കുന്ന ഉച്ചകോടിയിൽ ഉക്രയ്‌ൻ വിഷയമാകില്ലെന്ന്‌ വ്യക്തമാക്കിയ ലുല ദാരിദ്ര്യത്തിനെതിരെയുള്ള അന്താരാഷ്‌ട്ര സഖ്യവും കാലാവസ്ഥാ വ്യതിയാനവും മുഖ്യ അജൻഡയാകുമെന്നും പ്രഖ്യാപിച്ചു. ‘നീതിയുക്തമായ ലോക നിർമിതി, സുസ്ഥിരമായ ഭൂമി’ എന്നതാകും റിയോ സമ്മേളനത്തിന്റെ സന്ദേശം. ആഗോള ദാരിദ്ര്യത്തിന്‌ 2030ൽ അന്ത്യം കുറിക്കാൻ രാഷ്‌ട്രങ്ങളുടെ പ്രവർത്തനം ഇരട്ടിയാക്കണമെന്നും ലുല ആഹ്വാനം ചെയ്‌തു. അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ്‌ വാറന്റ്‌ വകവയ്‌ക്കാതെ റഷ്യൻ പ്രസിഡന്റ്‌ വ്‌ളാദിമിർ പുടിനെ ഉച്ചകോടിയിലേക്ക്‌ ക്ഷണിക്കുമെന്നും ലുല വ്യക്തമാക്കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *