ന്യൂഡൽഹി : ഇന്ത്യൻ തീരങ്ങളിൽ കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം തുടർച്ചയായ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി നാവികസേന. അറബിക്കടൽ മേഖലയിൽ 3 യുദ്ധക്കപ്പലുകൾ വിന്യസിച്ചു. കഴിഞ്ഞ ദിവസം അറബിക്കടലിൽ ഗുജറാത്തിനു സമീപം എം വി ചെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഗൈഡഡ് മിസൈൽ വേധ കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവയെ വിവിധ മേഖലകളിൽ വിന്യസിച്ചത്. പി-8ഐ ലോങ്‌റേഞ്ച് പട്രോൾ എയർക്രാഫ്റ്റും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.
ലൈബീരിയൻ പതാകയുണ്ടായിരുന്ന എം വി ചെം പ്ലൂട്ടോയെ ആക്രമിച്ചത് ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ വിക്രത്തിന്റെ അകമ്പടിയോടെ ഇന്നലെ വൈകിട്ട് ചെം പ്ലൂട്ടോ മുംബൈയിലെത്തി. കപ്പലിൽ നാവികസേനയുടെ എക്‌സ്‌പ്ലോസീവ് ഓർഡൻസ് ഡിസ്‌പോസൽ സംഘം വിശദമായ പരിശോധന നടത്തി. കപ്പലിൽ ഡ്രോൺ ആക്രമണം നടന്നതായി നാവികസേന സ്ഥിരീകരിച്ചു. 20ഓളം ഇന്ത്യക്കാരാണ് ക്രൂഡ് ഓയിലുമായെത്തിയ കപ്പലിലുണ്ടായിരുന്നത്.