ആലപ്പുഴ: തുടർച്ചയായി രണ്ടാം തവണയും എൽഡിഎഫ് കേരളത്തിൽ ഒരു സീറ്റിലൊതുങ്ങി. 2019 ലുണ്ടായിരുന്ന ആലപ്പുഴ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴയിൽ സിപിഎമ്മിൻ്റെ കനൽ ഊതിക്കെടുത്തിയത് ശോഭ സുരേന്ദ്രൻ. എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിൻ്റെ വോട്ടു ചോർന്ന പലയിടത്തും അത് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചു. എൻഡിഎക്ക് 1,12,000ത്തോളം വോട്ടുകളാണ് ആലപ്പുഴയിൽ കൂടിയത്. ആലപ്പുഴയിലെ വോട്ടുവിഹിതത്തിലും എൽഡിഎഫിന് കാര്യമായ കുറവ് സംഭവിച്ചു. ശബരിമല വിഷയവും രാഹുൽ ഗാന്ധി ആദ്യമായി കേരളത്തിൽ വന്നു മത്സരിച്ചതിൻ്റെ ഓളവുമുണ്ടായിരുന്ന 2019 ലെ കനത്ത യുഡിഎഫ് തരംഗത്തിൽ പോലും പിടിച്ചു നിന്ന ആലപ്പുഴ ഇത്തവണ കൈവിട്ടുപോയത് എൽ ഡി എഫിന് കനത്ത തിരിച്ചടിയാണ്.
അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പളളി നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. LDF സ്ഥാനാർത്ഥി എഎം ആരിഫിന് 2019 ൽ ആലപ്പുഴയിൽ കിട്ടിയത് 4,45,981 വോട്ട്. 10,474 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ആരിഫിൻ്റെ ഇത്തവണത്തെ വോട്ട് 3,41,047 ആണ്.