കോഴിക്കോട് : നിർമാണം പുരോഗമിക്കുന്ന ആറുവരി ദേശീയപാതയിൽ പാലങ്ങളുടെ നിർമാണം അതിവേഗം. രാമനാട്ടുകര, തൊണ്ടയാട് മേൽപ്പാലങ്ങളിൽ നിർമാണം പൂർത്തീകരിച്ച തൂണുകളിൽ സ്ഥാപിച്ച ഗർഡറുകളിൽ കോൺക്രീറ്റ് സ്ലാബിന്റെ പ്രവൃത്തിയാണ് നടക്കുന്നത്. മറ്റു പാലങ്ങളുടെ പണിയും പുരോഗമിക്കുന്നു. ആറുവരിപ്പാതയിൽ ഏഴ് മേൽപ്പാലങ്ങളും നാല് പ്രധാന പാലങ്ങളുമാണ് ഒരുക്കുക. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ് മാൾ, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് മേൽപ്പാലം വരുന്നത്. നിലവിൽ മേൽപ്പാലങ്ങളുള്ള രാമനാട്ടുകരയിലും തൊണ്ടയാടും അഞ്ചുവരിപ്പാതയും പുതിയ മേൽപ്പാലങ്ങളിൽ ആറുവരിപ്പാതയുമാണ് നിർമിക്കുക. പൂളാടിക്കുന്നിൽ പാലത്തിന്റെ ഡിസൈന് അനുമതിയായി. പുഴക്ക് കുറുകെയുള്ള പാലങ്ങളെല്ലാം ഏഴുവരിപ്പാതയാണ്. പുറക്കാട്ടിരി, കോരപ്പുഴ, മാമ്പുഴ, അറപ്പുഴ എന്നിവക്ക് കുറുകെയാണ് പാലങ്ങൾ വരുന്നത്. നിലവിലെ രണ്ടുവരിപ്പാലത്തിനുപുറമെ ഇടതുവശത്ത് രണ്ടുവരിപ്പാലവും വലതുവശത്ത് മൂന്നുവരിപ്പാലവും പണിയും. മാമ്പുഴയിൽ പൈലിങ് പൂർത്തിയായി. സ്ലാബിടൽ ഉടൻ തുടങ്ങും. അറപ്പുഴയിൽ പൈലിങ് ആരംഭിച്ചു. പുറക്കാട്ടിരിയിൽ പൈലിങ് അവസാനഘട്ടത്തിലാണ്. ഗർഡറുകളുടെ കാസ്‌റ്റിങ് പൂർത്തിയായി. സ്ലാബിടൽ ഉടൻ തുടങ്ങും. ഇതിനൊപ്പം റോഡ് പ്രവൃത്തിയും അതിവേഗം നടക്കുന്നുണ്ട്. പലയിടങ്ങളിലും ഒന്നാംഘട്ട ടാറിങ് പൂർത്തിയായി. സർവീസ് റോഡുകളുടെ പ്രവൃത്തിയും നടക്കുന്നു. ഇവിടെയും ടാറിങ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. മഴയ്‌ക്കുമുമ്പ് ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.