അമരാവതി: ആന്ധ്രാപ്രദേശിൽ വിജയനഗരം ജില്ലയിലാണ് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിൻറെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നുവെന്നാണ് വിവരം. രണ്ട് പാസഞ്ചർ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. . വിശാഖപട്ടണം–റായ്ഗഡ് പാസഞ്ചർ ട്രെയിനും വിശാഖപട്ടണം–പലാസ പാസഞ്ചർ ട്രെയിനും ആണ്കൂട്ടിയിടിച്ചത്. കേബിൾ പൊട്ടിവീണതിനെ തുടർന്ന് സാവധാനത്തിലായിരുന്ന റായ്ഗഡ് പാസഞ്ചർ ട്രെയിനിന് പിന്നാലെ വന്ന വിശാഖപട്ടണം–പലാസ പാസഞ്ചർ റെഡ് സിഗ്നൽ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേറ്റു. ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്ന അതേ പാതയിൽ തന്നെയാണ് ഇന്നലെ വൈകിട്ട് 6.42ന് അപകടം സംഭവിച്ചത്. സിഗ്നൽ പിഴവാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ സിപിആർഒ ബിശ്വജിത് സാഹു മാധ്യമങ്ങളെ അറിയിച്ചു.