KeralaNews

ആനവണ്ടി ഉല്ലാസയാത്രയ്‌ക്ക്‌ സെഞ്ചുറി.

കോഴിക്കോട്‌> ആനവണ്ടിയെന്ന്‌ വിളിച്ചപ്പോൾ ആക്കിയതാണല്ലേയെന്ന്‌ പരിഭവിച്ച കെഎസ്‌ആർടിസിക്ക്‌ ഇന്നതൊരു ചെല്ലപ്പേരാണ്‌. ആ വിളിപ്പേരിനും അതിലെ ഉല്ലാസയാത്രകൾക്കും ആനവണ്ടിയേക്കാൾ ആരാധകരുണ്ട്‌. കോഴിക്കോട്ടുകാരുടെ ആനവണ്ടി ഉല്ലാസയാത്ര 23ന്‌ നൂറ്‌ തികയ്‌ക്കുകയാണ്‌. താമരശേരി ഡിപ്പോയിൽനിന്ന്‌ വയനാട്ടിലേക്കുള്ള യാത്രയാണ്‌ സെഞ്ചുറിയടിക്കുക. അമിത വേഗവും കണ്ണഞ്ചിക്കുന്ന വെളിച്ചവും കാതടപ്പൻ പാട്ടുമില്ലാത്ത യാത്ര കൊതിക്കുന്നവർക്കുള്ളതാണ്‌ പദ്ധതി. എന്നാൽ ഉല്ലാസത്തിനോട്‌ അശേഷമില്ല കോംപ്രമൈസ്‌. പാട്ടും ഡാൻസും മേളവും രസികൻ ഭക്ഷണവും വൃത്തിയുള്ള താമസവും ഒക്കെയായി ടെൻഷനില്ലാത്ത സഞ്ചാരമാണ്‌ കെഎസ്‌ആർടിസി നൽകുന്നത്‌. നെല്ലിയാമ്പതി, വയനാട്‌, കൊച്ചി, കാരാപ്പുഴ, മലക്കപ്പാറ, പറശ്ശിനിക്കടവ്‌, മൂന്നാർ, തിരുവനന്തപുരം, നിലമ്പൂർ വാഗമൺ തുടങ്ങിയ യാത്രകളാണ്‌ ആനവണ്ടിയിൽ. ഒരു ദിവസത്തെ യാത്ര മുതൽ മൂന്നുരാത്രിയും രണ്ട്‌ പകലും ഉൾപ്പെടുന്ന യാത്രകൾ വരെ. നാലമ്പലദർശനം, പഞ്ചപാണ്ഡവക്ഷേത്രം, കൊട്ടിയൂർ തുടങ്ങിയ തീർഥാടന യാത്രകളുമുണ്ട്‌. 650 രൂപ മുതൽ 3450 വരെയാണ്‌ നിരക്ക്‌. മിക്കതും ഭക്ഷണവും പ്രവേശനഫീസും താമസവും ഉൾപ്പെടുന്ന പാക്കേജാണ്‌. കോഴിക്കോട്ടെ നൂറ്‌ യാത്രകളിൽ 95 ട്രിപ്പുകളും താമശേരി ഡിപ്പോയിൽ നിന്നായിരുന്നു. ഡിസംബറിൽ ആരംഭിച്ച യാത്ര നാലായിരം യാത്രക്കാരും 60 ലക്ഷം രൂപയുടെ വരുമാനവുമായി ഹിറ്റായി.  സാധാരണ സർവീസുകളുടെ വരുമാനം കിലോമീറ്ററിന്‌ 40 രൂപയാണ്‌. ഉല്ലാസയാത്രകളിൽ ഇത് എൺപത്‌ രൂപ. വടക്കഞ്ചേരി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌കൂൾ യാത്രകൾക്കും ആനവണ്ടി തേടിയെത്തുന്നു. സുരക്ഷിതത്വമാണ്‌ മുഖ്യ ആകർഷണം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച്‌ ആയിരത്തോളം സ്‌ത്രീകളാണ്‌ ഉല്ലാസയാത്രയ്‌ക്ക്‌ ആശ്രയിച്ചത്‌. സ്‌ത്രീകൾ, എയ്‌ഡ്‌സ്‌ ബാധിതർ, ഭിന്നശേഷിക്കാർ, സ്‌കൗട്ട്‌സ്‌ തുടങ്ങിയവർക്ക്‌ മാത്രമായുള്ള യാത്രകളും ഒരുക്കി. പി കെ ബിന്ദുവാണ്‌ യാത്രയുടെ കോ ഓർഡിനേറ്റർ. യാത്രയെ പ്രിയമാക്കുന്ന ജീവനക്കാരുടെ സംഘം ഒപ്പമുണ്ട്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *