KeralaNews

ആധുനിക ശാസ്‌ത്രനേട്ടങ്ങൾ മുഴുവൻജനങ്ങളിലും എത്തണം: മുഖ്യമന്ത്രി.

കുട്ടിക്കാനം : പുതിയ ശാസ്‌ത്രസാങ്കേതിക വിദ്യകൾ സംബന്ധിച്ച അറിവും അവയുടെ നേട്ടങ്ങളും അക്കാദമിക്‌ രംഗത്ത്‌ മാത്രമായി നിൽക്കാതെ സമൂഹത്തിലെ എല്ലാവരിലേക്കും എത്തുന്ന സാഹചര്യമുണ്ടാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക്‌ വിദഗ്‌ധരും സർവകലാശാലകളും മാത്രം പരിശ്രമിച്ചാൽ ഇത്‌ സാധ്യമാകില്ല. അതിന്‌ ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുപ്പത്തിയഞ്ചാം കേരള ശാസ്‌ത്ര കോൺഗ്രസ്‌ കുട്ടിക്കാനം മാർ ബസേലിയോസ്‌ ക്രിസ്‌ത്യൻ കോളേജ്‌ ഓഫ്‌ എൻജിനിയറിങ്ങിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മാനവികതയുടെ കണ്ണ്‌ കെട്ടാനും തുറപ്പിക്കാനും ശാസ്‌ത്രത്തിന്‌ കഴിയും. നാഗസാക്കിയിലെയും ഹിരോഷിമയിലെയും കൂട്ടക്കൊലകൾ വഴി അത്‌ മാനവികതയുടെ കണ്ണ്‌ കെട്ടിച്ചു. അതേസമയം, രോഗപ്രതിരോധമൊരുക്കിയും അന്ധവിശ്വസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കിയും കണ്ണ്‌ തുറപ്പിച്ചിട്ടുമുണ്ട്‌. വസൂരി ബാധിച്ച വ്യക്തിയെ നാടിന്‌ ശാപമായി കണ്ടിരുന്ന കാലമുണ്ടായിരുന്നു. വസൂരി രോഗമാണെന്നും പ്രതിരോധം സാധ്യമാണെന്നും ശാസ്‌ത്രം മനസ്സിലാക്കിക്കൊടുത്തു. കണ്ണ്‌ തുറപ്പിക്കുന്ന ശാസ്‌ത്രത്തിനൊപ്പമാണ്‌ നമ്മൾ നിൽക്കേണ്ടത്‌. ആ സന്ദേശം പരമാവധി പ്രചരിപ്പിക്കാൻ കഴിയുമ്പോഴേ ശാസ്‌ത്ര കോൺഗ്രസ്‌ പോലുള്ള പരിപാടികൾ സാർഥകമാകൂ.

ശാസ്‌ത്രത്തെ കെട്ടുകഥകളുമായി കോർത്തുവയ്‌ക്കാനുള്ള ശ്രമം കൊണ്ടുപിടിച്ച്‌ നടക്കുന്ന ഇക്കാലത്ത്‌ ശരിയായ ശാസ്‌ത്രചരിത്രം അറിയുകയെന്നതും പ്രധാനമാണ്‌. ശാസ്‌ത്രം എങ്ങനെ വികസിച്ചു, എങ്ങനെ പല ശാഖകളായി പിരിഞ്ഞു, എങ്ങനെ മനുഷ്യജീവിതത്തെ മാറ്റിമറിച്ചു എന്നെല്ലാം അറിഞ്ഞിരിക്കണം. അന്ധവിശ്വാസങ്ങളുടെ കാർമേഘങ്ങൾ മൂടിയിരുന്ന സമൂഹത്തിൽ പുരോഗമന പ്രസ്ഥാനങ്ങൾ ഉയർന്നുവന്ന്‌ ശാസ്‌ത്രചിന്ത പടർത്തിയാണ്‌ ആ കാർമേഘങ്ങളെ മായ്‌ച്ചത്‌. എന്നാൽ, രാജ്യത്ത്‌ ഗവേഷകരേക്കാൾ പ്രാധാന്യം ആൾദൈവങ്ങൾക്ക്‌ നൽകുന്ന സാഹചര്യമുണ്ട്‌. അതിന്റെയെല്ലാം ആത്യന്തിക ഫലം സ്വാതന്ത്ര്യമല്ല, പാരതന്ത്ര്യമായിരിക്കും.

കേരളം ലോകത്തോട്‌ സംവദിക്കണമെന്ന കാഴ്‌ചപ്പാടിലാണ്‌ ഇന്റർനെറ്റ്‌ അവകാശമായി പ്രഖ്യാപിച്ച്‌ കെ ഫോണിന്‌ രൂപം നൽകിയത്‌. ശാസ്‌ത്രാവബോധത്തിന്റെ പാതയിൽ അചഞ്ചലമായി സഞ്ചരിച്ച ചരിത്രമാണ്‌ ശാസ്‌ത്ര കോൺഗ്രസിനുള്ളത്‌. യുക്‌തിബോധം വളർത്താൻ ഇത്തരം സമ്മേളനങ്ങൾക്ക്‌ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *