തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചു. കഴിഞ്ഞദിവസം വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതിനാണ് ചാൻസലറുടെ നോമിനികളായ 15 പേരെയാണ് പിൻവലിച്ചുകൊണ്ടുള്ള അസാധാരണ നടപടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീങ്ങിയത് . ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് കാണിച്ച് കേരള സർവകലാശാല വി.സിക്ക് ചാൻസലറായ ഗവർണർ കത്ത് നൽകി. പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങൾ കൂടിയാണ്.വി.സി. നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ചചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. എന്നാൽ 91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവൻ പിള്ളയടക്കം 13 പേർ മാത്രമായിരുന്നു.ഗവർണർ നാമനിർദേശംചെയ്ത 13 പേർ സെനറ്റിലുണ്ടെങ്കിലും രണ്ടുപേർ മാത്രമേ യോഗത്തിനെത്തിയുള്ളൂ.