ന്യൂഡൽഹി: അവിവാഹിതയാണെന്ന കാരണത്താൽ ഗർഭഛിദ്രത്തിനുള്ള അവകാശം നിലനിൽക്കുമെന്നും അത് നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി. ഗർഭഛിദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് 24 ആഴ്ചയിലധികം ഗർഭിണിയായ മണിപ്പൂരി യുവതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന വിധി.
യുവതിയുടെ ഹർജി ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഗർഭഛിദ്രം നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിന്റെ ‘ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ടി’ന്റെ പരിധിയിൽ വിവാഹിതരായ സ്ത്രീകൾ മാത്രമേ വരൂ എന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഈ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധി നിയമത്തെ അനുചിതമായി പരിമിതപ്പെടുത്തുന്ന വ്യാഖ്യാനമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
യുവതിയുടെ ജീവന് അപകടം ഇല്ലാതെ ഗർഭഛിദ്രം നടത്താൻ കഴിയുമോയെന്ന് പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഡൽഹി എംയിസിന് കോടതി നിർദേശം നൽകി. മെഡിക്കൽ ബോർഡ് അനുകൂല റിപ്പോർട്ട് നൽകിയാൽ കോടതി ഗർഭഛിദ്രം അനുവദിച്ചേക്കും.