KeralaNews

അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നു: ആരോഗ്യ മന്ത്രിക്കെതിരെ കെജിഎംഒഎ

തിരുവനന്തപുരം : ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ). തിരുവല്ല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ.അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യ മന്ത്രിയുടെ നടപടിക്കെതിരെയാണ് രൂക്ഷമായ പ്രതികരണവുമായി കെജിഎംഒഎ രംഗത്തെത്തിയത്.സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു ക്ഷാമത്തിന് ഡോക്ടര്‍മാരെ കുറ്റക്കാരാക്കുന്നതിലും വസ്തുതകള്‍ തമസ്‌കരിച്ച് തിരുവല്ല താലൂക്കാശുപത്രിയില്‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി നടത്തിയ ‘ജനക്കൂട്ട വിചാരണയിലും’ കെജിഎംഒഎ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉടനീളം നിലനില്‍ക്കുന്ന ഗുരുതരമായ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്‌നങ്ങളും കെജിഎംഒഎ പല പ്രാവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയിലും ആരോഗ്യ മന്ത്രിയെ നേരിട്ടും അറിയിച്ചതാണ്. മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണ നിലവാരമില്ലായ്മ, രോഗീ വര്‍ധനവിനാനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന ഗുരുതര സാഹചര്യം സ്ഥാപന മേധാവികളും പലതവണ അറിയിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കാതെ, ആശുപത്രി മേധാവികള്‍ മറ്റു ഫണ്ടുകള്‍ കണ്ടെത്തി മരുന്നുകള്‍ വാങ്ങണം എന്ന നിലവിലെ നിര്‍ദേശം തീര്‍ത്തും അപ്രായോഗികമാണ്. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്പിച്ചു കൊണ്ട് ആരോഗ്യ വകുപ്പിന് കൈകഴുകാനുള്ള ഇത്തരം നടപടികള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി. സ്ഥാപന മേധാവികള്‍ വിചാരിച്ചാല്‍ നിമിഷനേരം കൊണ്ട് മരുന്നുകള്‍ വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങള്‍ അല്ല നിലവിലുള്ളത്. മരുന്നുകളുടെ വാര്‍ഷിക ഇന്‍ഡന്റ് കൊടുത്തതിനു ശേഷം മറ്റു മാര്‍ഗങ്ങളിലൂടെ മരുന്നുകള്‍ വാങ്ങുന്നതും മുന്‍ വര്‍ഷങ്ങളില്‍ ഓര്‍ഡര്‍ ചെയ്ത മരുന്നുകള്‍ പോലും ഇപ്പോഴും ലഭ്യമാകാത്തതും തുടങ്ങി സ്ഥാപന മേധാവികള്‍ക്ക് ഓഡിറ്റ് തടസങ്ങളും സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരുന്ന അങ്ങേയറ്റം ഗൗരവതരമായ സാഹചര്യവും നിലനില്‍ക്കുന്നു.സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനില്‍ക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുവാനും ഗുണ നിലവാരമുള്ള മരുന്നുകള്‍ എത്രയും പെട്ടന്നു ലഭ്യമാക്കുവാനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.
വസ്തുതകള്‍ ഇതായിരിക്കെ കഴിഞ്ഞ ദിവസം മന്ത്രി തിരുവല്ല ആശുപത്രി സന്ദര്‍ശനത്തില്‍ പൊതുജനങ്ങളുടെ മുന്നില്‍ വച്ച് മരുന്നില്ലാത്തതിന് ആശുപത്രി സൂപ്രണ്ടിനെ അധിക്ഷേപിക്കുകയാണ് ഉണ്ടായത്. പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടര്‍മാര്‍ നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദപരമായ ഈ സമീപനം തെറ്റായ സന്ദേശമാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതുവെ ഡോക്ടര്‍മാരുടേതുള്‍പ്പടെ മാനവ വിഭവശേഷിയുടെ വലിയ കുറവാണ് നിലവിലുള്ളത്. ഇതിനു പുറമെ ഡോക്ടര്‍മാരുടെ നൂറ്റമ്പതോളം ഒഴിവുകള്‍ ദീര്‍ഘനാളായി നികത്താതെ നില്‍ക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ പകര്‍ച്ച വ്യാധികള്‍ വര്‍ദ്ധിക്കുന്ന വര്‍ഷകാല സമയത്ത് അധിക ഡോക്ടര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന രീതിയും ഈ വര്‍ഷം ഉണ്ടായിട്ടില്ല. ഒപി ചികിത്സക്ക് പുറമെ മറ്റ് ഡ്യൂട്ടികള്‍ ഉള്ള ഡോക്ടര്‍മാര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒപി യില്‍ ഉണ്ടായിട്ടും മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തിരുവല്ലയില്‍ നടന്ന സംഭവങ്ങള്‍ അമിത ജോലിഭാരം ആത്മാര്‍ത്ഥമായി തന്നെ ഏറ്റെടുക്കുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. അടിസ്ഥാന വിഷയങ്ങള്‍ പരിഹരിക്കാതെ ഡോക്ടര്‍മാരെ പ്രതിസ്ഥാനത്തു നിര്‍ത്തി ബലിയാടാക്കുന്ന സമീപനം തീര്‍ത്തും പ്രതിഷേധാര്‍ഹവും സാമാന്യനീതിക്കു നിരക്കാത്തതും ആണ്.ഈ സമീപനം ഒരു കാരണവശാലും അംഗീകരിക്കുകയും ഇല്ലെന്നും സംഘടന പത്രക്കുറിപ്പിലൂടെ അറിയിച്ചു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *