നിയാമേ: സൈനിക അട്ടിമറിയെ തുടർന്ന് സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന നൈജറിൽനിന്ന് രക്ഷപ്പെടാനായി അയൽരാജ്യത്തേക്ക് റോഡ് മാർഗം യാത്രചെയ്ത് ഇന്ത്യക്കാർ. തലസ്ഥാന നഗരം നിയാമേയിൽ അകപ്പെട്ട സംഘമാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിലേക്ക് യാത്രചെയ്യുന്നത്.
എട്ട് മലയാളികൾ ഉൾപ്പെട്ട 12 അംഗ സംഘം ബുധൻ രാവിലെ ബെനിൻ അതിർത്തിയിലെത്തി. നൈജർ സൈന്യം ഇവരെ അതിർത്തിയിൽ തടഞ്ഞു. അഭയാർഥി ക്യാമ്പിലേക്ക് മാറ്റി. വ്യാഴം പകലാണ് അതിർത്തി കടക്കാൻ അനുമതി കിട്ടിയത്.നൈജറിൽ സംഘർഷം രൂക്ഷമായി തുടരുന്നു. ഈ വർഷത്തിൽ ആദ്യമായുണ്ടായ വലിയ ഭീകരാക്രമണത്തിൽ 17 സൈനികർ കൊല്ലപ്പെട്ടു. അട്ടിമറിയെ തുടർന്ന് സാഹേൽ മേഖലയിൽ ജിഹാദി സംഘടനകളുടെ പ്രവർത്തനം ശക്തമാകുന്നെന്ന് റിപ്പോർട്ടുണ്ട്.