ന്യൂഡല്‍ഹി: പഞ്ചാബില്‍ വെടിയേറ്റ മരിച്ച ഗായകനും കോണ്‍ഗ്രസ് നേതാവുമായി സിദ്ദൂ മൂസെവാലയുടെ കൊലയാളികള്‍ ബോളിവുഡ് നടന് സല്മാന് ഖാനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പഞ്ചാബ് ഡിജിപി. അറസ്റ്റിലായ കപില്‍ പണ്ഡിറ്റാണ് ചോദ്യം ചെയ്യലിനിടെ ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങള്‍ സല്‍മാന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നീക്കം.
അഞ്ജാതരില്‍ നിന്ന് വധഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സല്മാന് ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് മുംബൈ പൊലീസ് അനുവദിച്ചിരുന്നു. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് സല്‍മാനുള്ളത്. വധ ഭീഷണിയെ തുടര്‍ന്ന് സല്മാന് ജൂലൈ 22 ന് പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കാണുകയും ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്തിരുന്നു.
സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സല്മാന് ഖാനും പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നത്. മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്നായിരുന്നു സല്മാന് ഖാന് നേരെ ഉയര്‍ന്ന ഭീഷണി.