തിരുവനന്തപുരം: നേമത്ത് വീട്ടിൽ പ്രസവം നടത്തുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് നയാസിന്റെ ആദ്യഭാര്യയെ പ്രതി ചേർത്തു. വീട്ടിൽ പ്രസവിക്കാൻ പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് നയാസിന്റെ ആദ്യഭാര്യ റജീനയ്ക്കെതിരെ കേസെടുത്തത്. ഗർഭസ്ഥ ശിശു മരിക്കാനിടയായ സാഹചര്യം, മനഃപൂർവമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയത്. ഇവർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് വീട്ടിലെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് പാലക്കാട് സ്വദേശിയായ ഷമീറ ബീവി (36) മരിക്കുന്നത്.
യുവതിക്ക് അക്യുപങ്ചർ ചികിത്സ നൽകിയ വെഞ്ഞാറമൂട് സ്വദേശി ഷിഹാബുദ്ദീ (36)നെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷിഹാബുദ്ദീൻ പറഞ്ഞിട്ടാണ് യുവതിക്ക് വിദഗ്ധ ചികിത്സ നൽകാത്തതെന്ന് നയാസ് പൊലീസിനെ അറിയിച്ചു.